അയൽവാസി പട്ടിണികിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന പ്രവാചകവചനത്തെ പിൻപറ്റിയാണ് പദ്ധതിയൊരുക്കിയത്.
മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകൾ അതിർത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് ഈ പദ്ധതി. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. ആവശ്യമുള്ള സാധനങ്ങൾ എല്ലാദിവസവും എടുക്കാം. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാം.
മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭിക്കുക.
കലവറയിലേക്കാവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവർക്കും സാധനങ്ങൾ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നൽകിയാൽ മതി. പ്രദർശിപ്പിച്ച ഫോൺനമ്പറിൽ ബന്ധപ്പെട്ട് സംഭാവന നൽകാം.
കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂർണ സ്വാതന്ത്ര്യത്തോടെ പരസ്‌പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിർത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് സെക്രട്ടറി പെരിഞ്ചീരി മുഹമ്മദലിയും പ്രസിഡന്റ് കല്ലിയൻതൊടി അവറാനും ട്രഷറർ തയ്യിൽ മുഹമ്മദലിയും പറഞ്ഞു.
0 Comments