അതേസമയം, അമ്മയെയും ഇരട്ടക്കുട്ടികളെയും കാണാതായ കേസില്‍ അന്വേഷണം ക്ലൈമാക്‌സിലേക്കെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ ചിലരുടെ നുണപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ അനുമതി തേടിയിരുന്നെങ്കിലും ഇവര്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ നുണപരിശോധന നടത്താനുള്ള വഴി അടഞ്ഞിരുന്നു. തുടര്‍ന്ന് മറ്റുവഴികളിലൂടെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടരുകയായിരുന്നു.
2014 ഏപ്രില്‍ 27-നാണ് ഓമച്ചപ്പുഴ തറമ്മല്‍ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഖദീജ(42) ഇവരുടെ ഇരട്ടക്കുട്ടികളായ ശിഹാബുദ്ദീന്‍(12) ഷജീന(12) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഓമച്ചപ്പുഴയിലെ വീട്ടില്‍നിന്നും പെരിന്തല്‍മണ്ണയിലെ സ്വന്തം വീട്ടിലേക്ക് പോയ ഖദീജയെയും മക്കളെയും കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സംഭവത്തില്‍ തൊട്ടടുത്തദിവസം തന്നെ ബന്ധു താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വര്‍ഷങ്ങളോളം ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് മലപ്പുറം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
അമ്മയും മക്കളും എങ്ങോട്ടുപോയി, അവര്‍ക്ക് എന്ത് സംഭവിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് സംഘം ഉത്തരം തേടിയത്. അതീവരഹസ്യമായി ഓമച്ചപ്പുഴയിലും പരിസരപ്രദേശങ്ങളിലും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. നിരവധി ഫോണ്‍കോളുകള്‍ പരിശോധിച്ചു. ഇതിനൊടുവിലാണ് ഖദീജയുടെ ഭര്‍ത്താവിന്റെ ബന്ധു കൂടിയായ ഒരാളിലേക്ക് അന്വേഷണം എത്തിയത്. ഇതിനിടെ പരപ്പനങ്ങാടി കോടതിയില്‍ ക്രൈംബ്രാഞ്ച് സംഘം നുണപരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്.
ഖദീജയുടെയും മക്കളുടെയും തിരോധാനത്തിന് പിന്നാലെ ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം തെളിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. വര്‍ഷങ്ങളായി യാതൊരു പുരോഗതിയുമില്ലാതിരുന്ന കേസില്‍ എന്ത് സംഭവിക്കുമെന്ന് ഇവരും ഉറ്റുനോക്കുകയാണ്. എന്നാണെങ്കിലും കേസില്‍ സത്യം തെളിയുമെന്നും ദൈവം അതിനുള്ള വഴി കാണിക്കുമെന്നുമായിരുന്നു ഖദീജയുടെ ബന്ധു മുസ്തഫ പ്രതികരിച്ചത്. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലറുമായ ആരിഫും പറഞ്ഞു.
പരേതനായ തറമ്മല്‍ സൈനുദ്ദീന്റെ രണ്ടാംഭാര്യയായിരുന്നു ഖദീജ. ആദ്യഭാര്യയുമായി അകന്നുകഴിയുന്നതിനിടെയാണ് ഖദീജയെ സൈനുദ്ദീന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സൈനുദ്ദീന്റെ കുടുംബത്തില്‍നിന്നും എതിര്‍പ്പുകളുണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
സൈനുദ്ദീന്റെ മരണശേഷം ഖദീജയെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ടായി. ഇതിനൊല്ലാം ഒടുവിലാണ് 2014 ഏപ്രിലില്‍ ഖദീജയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്.
0 Comments