NEWS UPDATE

6/recent/ticker-posts

മൈസുരുവിനടുത്ത്​ കണ്ണൂരിലെ ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒരു കോടി കവർന്നു

ബംഗളൂരു: മൈസൂരു മേഖലയിൽ മലയാളികളുടെ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള കവർച്ച വീണ്ടും. മൈസൂരു-ഹുൻസൂരു റോഡിൽ മലയാളിയായ ജ്വല്ലറി ഉടമയെയും സഹയാത്രക്കാരെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപ കവര്‍ന്നതായാണ്​ പരാതി.[www.malabarflash.com]

 കണ്ണൂര്‍ പാനൂര്‍ സ്വപ്ന ജ്വല്ലേഴ്സ് ഉടമ സൂരജ്​, ബന്ധുക്കളായ കൃഷ്ണദേവ്, സുഭാഷ് എന്നിവരാണ്​ കവര്‍ച്ചക്കിരയായത്. മാര്‍ച്ച് 16ന്​ രാവിലെ 6.45 ഓടെയാണ് സംഭവമെന്ന്​ ഇതുസംബന്ധിച്ച്​ സൂരജ്​ ഹുൻസൂരു റൂറൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

മാർച്ച്​ 15ന്​ പുലർച്ചയാണ്​ മൂവരും കാറിൽ രണ്ടു കിലോ സ്വർണം വിൽക്കുന്നതിനായി ബംഗളൂരുവിലേക്ക്​ പുറപ്പെട്ടത്​. മൈസൂരുവിൽ ബിസിനസ്​ സംരംഭം തുടങ്ങാനുള്ള ആലോചനയുണ്ടായിരുന്നെന്നും ഉച്ചക്ക്​ ഒരു മണിയോടെ മൈസൂരുവിലെത്തി കടമുറിയുടെ വാടക അഡ്വാൻസായി 60,000 രൂപ ഉടമക്ക്​ നൽകിയതായും പരാതിയിൽ പറയുന്നു. 

തുടർന്ന്​ വൈകീട്ട്​ അഞ്ചിന്​ ബംഗളൂരു ചിക്ക്​പേട്ടിലെത്തി സ്വർണ വ്യാപാരിയുമായി ഒരു കോടി രൂപക്ക്​ കച്ചവടമുറപ്പിച്ചു. ഈ തുക കാറിന്റെ ഹാൻഡ്​ ബ്രേക്ക്​ ബോക്​സിനകത്തായാണ്​ സൂക്ഷിച്ചിരുന്നത്​. ​

വൈകീട്ട്​ 6.30ഓടെ  ബംഗളൂരുവിൽനിന്ന്​ മടങ്ങി. മൈസൂരുവിൽനിന്ന്​ മാനന്തവാടി റോഡിന്​ പകരം ഹുൻസൂർ-ഗോണിക്കൊപ്പൽ-വിരാജ്​പേട്ട വഴി നാട്ടിലേക്ക്​ പോവാനായിരുന്നു പദ്ധതി. എന്നാൽ, രാത്രി ഉറക്കക്ഷീണം ബാധിച്ചതോടെ വാഹനം ഹുൻസൂരിന്​ സമീപത്തെ കഫെ കോഫി ഡേക്ക്​​ സമീപം നിർത്തിയിട്ട്​ മൂവരും ഉറങ്ങി. രാവിലെ 6.20ന്​ എഴുന്നേറ്റ്​ യാത്ര തുടർന്നു. 

ഹുൻസൂരിൽനിന്ന്​ നാലഞ്ച്​ കിലോമീറ്റർ പിന്നിട്ട്​ യശോധപുരയിലെത്തിയപ്പോൾ പ്രാഥമികാവശ്യത്തിനായും മറ്റും കാർ നിർത്തി. ഈ സമയം ഒരു ഇന്നോവ കാർ കാറിന്​ മുന്നിൽ നിർത്തി ഏഴോളം പേർ ചാടിയിറങ്ങി മൂവരെയും മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയശേഷം ഇന്നോവ വാനിലിട്ട്​ അജ്​ഞാത സ്ഥലത്തേക്ക്​ കൊണ്ടുപോവുകയുമായിരുന്നെന്ന്​ പരാതിയിൽ പറയുന്നു. 

പിന്നീട്​ ഹുൻസൂരിനും ചിൽകുണ്ടക്കുമിടയിൽ ഉരസു കല്ലഹള്ളിയിൽ മൂവരെയും ഇറക്കിവിട്ട്​ കവർച്ച സംഘം രക്ഷപ്പെട്ടു. കവർച്ച സംഘം തട്ടിക്കൊണ്ടുപോയ കാർ പിന്നീട്​ ചിൽകുണ്ടയിൽനിന്ന്​ പോലീസ്​ കണ്ടെടുത്തെങ്കിലും പണം നഷ്​ടപ്പെട്ടിരുന്നു.

മൈസൂരു-ഹുന്‍സൂരു റോഡില്‍ കേരള രജിസ്​ട്രേഷനുള്ള വാഹനങ്ങൾ മാത്രം കവര്‍ച്ച ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്ന്​ പോലീസ്​ മുന്നറിയിപ്പ്​ നൽകുന്നു. സൂരജിന്റെ വ്യാപാര ഇടപാട്​ അറിയാവുന്ന ആരെങ്കിലുമാവാം കവർച്ച ആസൂത്രണം ചെയ്​തതെന്നും പോലീസ്​ സംശയിക്കുന്നുണ്ട്​.

അടുത്തിടെ ഗുണ്ടൽപേട്ട്​-ഗൂഡല്ലൂർ റൂട്ടിൽ ബന്ദിപ്പൂർ വനമേഖലയിൽ മലയാളി യാത്രക്കാരെ കൊള്ളയടിക്കാൻ ഇന്നോവ വാനിലെത്തിയ ​കവർച്ചസംഘം ശ്രമം നടത്തിയിരുന്നു. ജാഗ്രതയോടെ പ്രവർത്തിച്ചതിനാലാണ്​ മലയാളി സംഘം രക്ഷപ്പെട്ടത്​​. ബംഗളൂരു നിംഹാൻസ്​ ആശുപത്രിയിൽനിന്ന്​ മടങ്ങുകയായിരുന്ന പെരിന്തൽമണ്ണ സ്വദേശികളാണ്​ രാത്രി കവർച്ചയിൽനിന്ന്​ രക്ഷപ്പെട്ടത്​. 

കഴിഞ്ഞ വർഷം ഹൈവേ കവർച്ച വർധിച്ചതിനെ തുടർന്ന്​ മലയാളി സംഘടനകൾ ഇടപെട്ടിരുന്നു. ഇതിന്റെ ഫലമായി ഹൈവേകളിൽ പോലീസ്​ നിരീക്ഷണം ശക്തമാക്കുകയും മലയാളികളടക്കമുള്ള കവർച്ചസംഘങ്ങൾ പിടിയിലാവുകയും ചെയ്​തിരുന്നു.

Post a Comment

0 Comments