NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ഭരണി മഹോത്സവത്തിന് കൊടിയേറി; ആയിരത്തിരി ഉത്സവം ശനിയാഴ്ച

ഉദുമ: മലബാറിലെ പ്രസിദ്ധമായ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് കൊടിയേറി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നഭരണി ഉത്സവം ഇത്തവണ ആളും ആരവവും ആഘോഷങ്ങളുമില്ലാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടക്കുന്നത്.[www.malabarflash.com]

കൊടിയേററത്തിന് മുന്നോടിയായി വൈകുന്നേരം ക്ഷേത്ര കര്‍മികളും വാല്യക്കാരും ചേര്‍ന്ന് ക്ഷേത്രത്തില്‍ ആനപ്പന്തല്‍ കയറ്റി. സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് അനുബന്ധ കര്‍മങ്ങളും പൂര്‍ത്തിയാക്കി രാത്രി ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. 

ശുദ്ധികര്‍മങ്ങളും കലശാട്ടും, കൊടിയില വെക്കലും കഴിഞ്ഞ് കെട്ടിചുറ്റി തിടമ്പുകളും തിരുവായുധങ്ങളുമായി ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കോടിയേറ്റിയത്.



തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന്റെ കൊടിയിറങ്ങിയ ശേഷം അവിടെ നിന്ന് പ്രതീകാത്മകമായി കമ്പയും കയറുംകൊണ്ടു വന്നാണ് പാലക്കുന്നില്‍ ഭരണിക്ക് കോടിയേററിയത്.

ആയിരത്തിരി ഉത്സവ ദിവസമായ 13ന് മറ്റു കാഴ്ച സമര്‍പ്പണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 63 ഉം 48ഉം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സമര്‍പ്പണം നടത്തുന്ന പള്ളിക്കര തണ്ണീര്‍പുഴ, ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച കമ്മിറ്റികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

ആഘോഷ പരിപാടികള്‍ തീര്‍ത്തും ഒഴിവാക്കി വേണം തിരുമുല്‍കാഴ്ചകള്‍ ക്ഷേത്രത്തില്‍ എത്തേണ്ടത്. ഭരണി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ ആയിരത്തിരി നാളിലെ പ്രദര്‍ശനങ്ങളും ആഘോഷങ്ങളും വിനോദ പരിപാടികളും ഒഴിവാക്കും. സമൂഹ അന്നദാനം ഉണ്ടാവില്ല.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉത്സവ നാളുകളില്‍ തുലാഭാര സമര്‍പ്പണം നടത്താന്‍ ഭക്തര്‍ക്ക് അനുമതി നല്‍കുമെന്ന് ക്ഷേത്ര കമ്മിററി അറിയിച്ചു.

Post a Comment

0 Comments