NEWS UPDATE

6/recent/ticker-posts

ഇടതുപക്ഷത്തെ നെഞ്ചേറ്റിയ ഉദുമ നിലനിര്‍ത്താന്‍ സിഎച്ച് കുഞ്ഞമ്പു

ഉദുമ: 1991 ന് ശേഷം 30 വര്‍ഷക്കാലം ഇടതുപക്ഷത്തെ നെഞ്ചേറ്റിയ ഉദുമയിലെ ജനതയുടെ മുന്നിലേക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ തന്നെ തേരാളിയായി എത്തിക്കുകയാണ് സിപിഐഎം.[www.malabarflash.com]


കണ്ണൂരിന്റെ അഭിനവസിംഹമായി യുഡിഎഫ് അവതരിപ്പിച്ച കെ സുധാകരന്‍ പോലും മുട്ടുമടക്കിയ മണ്ണിലാണ്, ഈ നാട്ടുകാരനെ തന്നെ നിര്‍ത്തി എല്‍ഡിഎഫ് വിധി തേടുന്നത്.

പഴമയുടെ മൂല്യവും പുതിയ കാലത്തിന്റെ വേഗതയും ഒരുപോലെ തൊട്ടറിഞ്ഞ ജനകീയന്‍, മത സാമുദായിക ഘടകങ്ങള്‍ക്കും ഇതര രാഷ്ട്രീയ കക്ഷികള്‍ക്കും അകലെയല്ലാത്ത പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെ ഏറെ വിശേഷണങ്ങള്‍ക്ക് അനുയോജ്യനാണ് സി എച്ച് കുഞ്ഞമ്പു എന്ന സി എച്ച്.



നാട് ഉദുമ മണ്ഡലത്തിലാണെങ്കിലും ലീഗിന്റെ പൊന്നാപുരം കോട്ടയായ മഞ്ചേശ്വരം മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച പാരമ്പര്യമാണ് സി എച്ച് കുഞ്ഞമ്പുവിന്റേത്. 2006 ലെ തെരഞ്ഞെടുപ്പില്‍ ലീഗിനെ മൂന്നാം സ്ഥാനത്തിരുത്തി ബിജെപിയുടെ നാരായണ ഭട്ടിനെ 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചരിത്രം കുറിച്ചു.

1987 മുതല്‍ തുടര്‍ച്ചയായ നാല് തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ചു വന്നിരുന്ന ലീഗിന്റെ അന്നത്തെ ഏറ്റവും ശക്തനായ നേതാവ് ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ഈ യുവതുര്‍ക്കിയുടെ മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

ഉദുമ മണ്ഡലത്തിലെ ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ കുണ്ടംകുഴിയാണ് സി എച്ചിന്റെ ജന്മനാട്. 1959 ആഗസ്റ്റ് 20ന് ജനനം. പിതാവ് അമ്പു കാരണവര്‍, മാതാവ് കുഞ്ഞമ്മാര്‍ അമ്മ. ബി.എ, എല്‍.എല്‍.ബി ബിരുദധാരിയായ സി എച്ച് കാസര്‍ഗോഡ് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്.

കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്നു. ഭാര്യ സുമതി ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാസര്‍കോട് ജില്ല സെക്രട്ടറിയാണ്.

Post a Comment

0 Comments