NEWS UPDATE

6/recent/ticker-posts

യെമനില്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ബോംബാക്രമണം

ഏദന്‍: യെമന്‍ സിവില്‍ സര്‍വീസ് മന്ത്രി ഡോ. അബ്ദുന്നാസിര്‍ അല്‍വാലിയുടെ വാഹനവ്യൂഹത്തിനു നേരെ ബോംബാക്രമണം. വധശ്രമത്തില്‍ നിന്ന് മന്ത്രിയും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com] 

ദക്ഷിണ യെമനിലെ ഖോര്‍ മുകസര്‍ ജില്ലയിലെ അല്‍അരീശ് റോഡില്‍ വെച്ച് മന്ത്രി സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടായിരുന്നു ബോംബ് സ്‌ഫോടനം. സുരക്ഷാ വാഹനങ്ങളില്‍ ഒന്നിന് ബോംബ് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. മന്ത്രിയും അകമ്പടി സേവിച്ചവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

ആക്രമണത്തിനു പിന്നില്‍ ഹൂഥി മിലിഷ്യകളാണെന്ന് കരുതുന്നു. മന്ത്രിയും സംഘവും കടന്നുപോയ ശേഷം റോഡില്‍ മറ്റൊരു ബോംബ് കൂടി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. പൊട്ടിത്തെറിക്കുന്നതിനു മുമ്പായി ഇത് നിര്‍വീര്യമാക്കി. 

നിയമാനുസൃത യെമന്‍ ഗവണ്‍മെന്റിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഏദനിലെ അല്‍മആശീഖ് പാലസില്‍ ഡ്രോണ്‍ ആക്രമണ ശ്രമവുമുണ്ടായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം അവസാന നിമിഷം കൊട്ടാരത്തിനു മുകളില്‍ വെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് യെമന്‍ ഗവണ്‍മെന്റ് അറിയിച്ചു. 

വേതനം വിതരണം ചെയ്യാത്തതിലും മോശം അടിസ്ഥാന സേവനങ്ങളിലും സാമ്പത്തിക സ്ഥിതിഗതികള്‍ വഷളായതിലും യെമന്‍ കറന്‍സിയുടെ മൂല്യശോഷണത്തിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ പ്രകടനക്കാര്‍ അല്‍മആശീഖ് പാലസില്‍ ഇരച്ചുകയറിയിരുന്നു. യെമനിലെ അംറാനില്‍ നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷം പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു. 

ഹൂത്തി മിലീഷ്യകള്‍ ആക്രമണത്തിന് തയാറാക്കിയ, സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടും തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ അല്‍സലീഫിനു സമീപമാണ് ഹൂത്തികളുടെ ബോട്ട് ബോംബ് സഖ്യസേന തകര്‍ത്തത്.

Post a Comment

0 Comments