NEWS UPDATE

6/recent/ticker-posts

കരിപ്പൂർ സ്വർണക്കടത്ത്; കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ 11 പേർക്കെതിരെ സി.ബി.ഐ കേസ്

കൊച്ചി: കരിപ്പൂർ എയർപോർട്ട് വഴിയുള്ള സ്വർണക്കടത്തു കേസിൽ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ 11 പേരെ പ്രതികളാക്കി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളു‌ടെ വിവരങ്ങൾ പുറത്തുവരുന്നതു തടയാനായി മുദ്രവച്ച കവറിലാണ് എഫ്.ഐ.ആറും പ്രതിപ്പട്ടികയും എറണാകുളത്തെ പ്രത്യേക സി.ബി.ഐ ജഡ്‌ജി മുമ്പാകെ സമർപ്പിച്ചത്.[www.malabarflash.com]


കേസുമായി ബന്ധപ്പെട്ട് പ്രതികളുമായി അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും തുടർപരിശോധന അനിവാര്യമായതിനാലാണ് ഇത്തരമൊരു നടപടി. നേരത്തെ കരിപ്പൂർ എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നു ലക്ഷം രൂപ പണമായി പിടിച്ചെടുത്തിരുന്നു. പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കണ്ടെടുത്തു. തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ അച്ചടക്ക നടപടിയും ശുപാർശ ചെയ്തിട്ടുണ്ട്. 

വടക്കൻ കേരളത്തിലെ ചില ജുവലറികൾക്കു വേണ്ടി കരിപ്പൂർ കേന്ദ്രീകരിച്ച് വൻതോതിൽ സ്വർണക്കടത്തു നടക്കുന്നുണ്ടെന്ന് പലതവണ വിവരം നൽകിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് ഇവർക്കും പങ്കുണ്ടോയെന്ന് സംശയിച്ചത്.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ വൻതോതിൽ സ്വർണക്കടത്തു നടത്താൻ കഴിയില്ലെന്നു വിലയിരുത്തിയാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വൻതോതിൽ സ്വർണം കരിപ്പൂർ എയർപോർട്ടു വഴി കടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments