NEWS UPDATE

6/recent/ticker-posts

മന്‍സൂര്‍ വധക്കേസില്‍ ആദ്യ അറസ്റ്റ്; സിപിഎം ഓഫീസുകള്‍ ആക്രമിച്ച 12 ലീഗ് പ്രവര്‍ത്തകരും പിടിയില്‍

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലുള്ള സിപിഎം പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സിപിഎം ഓഫീസുകള്‍ക്ക് നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരും അറസ്റ്റിലായി. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പോലീസ് വ്യാഴാഴ്ച പിടികൂടിയത്.[www.malabarflash.com]


പാനൂര്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ സമാധാനയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ച സിപിഎം ഓഫീസുകള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കളാണ് വ്യാഴാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്. സിപിഎം ഓഫീസുകള്‍ക്ക് നേരേയുള്ള മുസ്ലീം ലീഗിന്റെ ആക്രമണം ആസൂത്രിതമാണെന്ന് എം.വി. ജയരാജന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. 

കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എംഎസ്. സ്മാരക വായനശാലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. രക്തസാക്ഷിമണ്ഡപവും സി.പി.എം. കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

Post a Comment

0 Comments