ന്യൂഡൽഹി: ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന് 135 പേർ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അലഹാബാദ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ എന്തുകൊണ്ട് കമീഷൻ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.[www.malabarflash.com]
നിയമലംഘനത്തിന് കമീഷനെതിരെ നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസും തെരഞ്ഞെടുപ്പ് കമീഷനും കൊറോണ വൈറസ് വ്യാപനം തടയാൻ പ്രതിരോധ നടപടികൾ എടുത്തില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർഥ വർമയും അജിത് കുമാറും കുറ്റപ്പെടുത്തി. അമർ ഉജാല പത്രമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സമർപ്പിച്ച ഹരജി അലഹാബാദ് ഹൈകോടതി തള്ളിയിരുന്നു.
സംസ്ഥാന സർക്കാർ കോവിഡ് ആരോഗ്യ പ്രോട്ടോകോൾ പുറത്തിറക്കിയത് മുഖവിലക്കെടുത്തായിരുന്നു അന്ന് ഹൈകോടതി നടപടി. കോവിഡ് വ്യാപനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ മദ്രാസ് ഹൈകോടതി പ്രതിക്കൂട്ടിൽ നിർത്തിയതിന് പിറകെയാണ് അലഹാബാദ് ഹൈകോടതിയുടെ ഇടപെടൽ.
0 Comments