NEWS UPDATE

6/recent/ticker-posts

കോവിഡ് കര്‍ഫ്യൂ ലംഘിച്ചതിന് 300 ഏത്തം; യുവാവ് കുഴഞ്ഞുവീണു മരിച്ചു

മനില: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ രാത്രി കര്‍ഫ്യൂ ലംഘിച്ചതിന് 300 ഏത്തമിടേണ്ടി വന്ന യുവാവ് മരിച്ചു. ഡാറന്‍ മനഗോഗ് പെനാറെഡോണ്‍ഡോ എന്ന 28-കാരനാണ് മരിച്ചത്. ഫിലിപ്പീന്‍സിലാണ് സംഭവം.[www.malabarflash.com]


ആറുമണിക്കു ശേഷം പുറത്തിറങ്ങരുതെന്ന കര്‍ഫ്യൂ നിര്‍ദേശം ലംഘിച്ച് ഒരു കുപ്പി വെള്ളം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. 100 ഏത്തമിടാനായിരുന്നു പോലീസിന്റെ ശിക്ഷ. തെറ്റുന്ന ഓരോ ഏത്തത്തിനും വീണ്ടും ഏത്തമിടേണ്ടിവന്നു. ഇങ്ങനെ ഏതാണ്ട് 300 ഓളം ഏത്തം ഇട്ടതിനെ തുടര്‍ന്ന് അവശനായ യുവാവിനെ പോലീസ് വിട്ടയച്ചുവെങ്കിലും രണ്ടാം ദിവസം മരിക്കുകയായിരുന്നു.

വീട്ടിലെത്തിയ ഡാറന്‍ അവശനായിരുന്നുവെന്ന് ഭാര്യ റേച്ചലിന്‍ പറഞ്ഞു. കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ഭാര്യ പറഞ്ഞു.

കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പോലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പോലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

കേസുമായി മുന്നോട്ടുപോവുമെന്ന് ഡാറന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

Post a Comment

0 Comments