കൊൽക്കത്ത: കുച്ച്ബിഹാർ ജില്ലയിലെ ശീതൾകുച്ചിയിൽ കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത് കേരളത്തിൽനിന്നുപോയ അതിഥിതൊഴിലാളികൾ. വോട്ടുരേഖപ്പെടുത്താനായാണ് ഇവർ കേരളത്തിൽനിന്ന് തങ്ങളുടെ ഗ്രാമത്തിലെത്തിയത്. അത് അന്ത്യയാത്രയുമായി.[www.malabarflash.com]
ഹമീമുൾ മിയ (28), ഛമീയുൾ ഹഖ് (27), മനീറുസ്സമാൻ മിയാ (30), നൂർ ആലം ഹൊസൈൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടനിർമാണത്തൊഴിലാളികളാണിവർ.
ശീതൾകുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമവാസികളാണിവർ. കോവിഡ് കാലത്ത് കേരളത്തിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇവർ വീണ്ടും ജോലിക്കായി പോയിരുന്നു. തിരഞ്ഞെടുപ്പായതിനാലാണ് വീണ്ടും എത്തിയത്. അതതുകുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ടവരെന്ന് അടുത്ത ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ അനുഭാവികളാണ് കൊല്ലപ്പെട്ടവർ.
കുച്ച്ബിഹാർ ജില്ലയിൽ പ്രവേശിക്കാൻ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയതിനാൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മരിച്ചവരുടെ ബന്ധുക്കളെ നേരിൽക്കാണാൻ കഴിഞ്ഞില്ല. ഇവരുമായി വീഡിയോകോൾവഴി സംസാരിച്ച മമത കുടുംബങ്ങളെ തങ്ങൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ബംഗ്ളാദേശിനോട് ചേർന്നുകിടക്കുന്ന നിയമസഭാമണ്ഡലമാണ് ശീതൾകുച്ചി.
0 Comments