കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി കഴിഞ്ഞ 20ന് പറഞ്ഞ അഞ്ചു വിധികൾ ഇന്നലെ പിൻവലിച്ചു.[www.malabarflash.com]
പ്രത്യേക സിറ്റിങ് നടത്തി സിംഗിൾ ബെഞ്ച് വിധികൾ പിൻവലിച്ചശേഷം കേസുകൾ മധ്യവേനലവധിക്കുശേഷം പരിഗണിക്കാനും മാറ്റി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വിധികൾ ഹൈക്കോടതി പിൻവലിച്ചത്.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും പോക്സോ കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിൽ കേസിൽ തുടർ നടപടികൾ റദ്ദാക്കിയ ഉത്തരവ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദമ്പതികളുടെ ക്ഷേമം കണക്കിലെടുത്തായിരുന്നു സിംഗിൾബെഞ്ച് ഹർജി അനുവദിച്ചത്.
കൂടാതെ, സമാനമായ അഞ്ചു കേസുകളും ഇതേ രീതിയിൽ റദ്ദാക്കിയിരുന്നു. എന്നാൽ പീഡനമുൾപ്പെടെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കരുതെന്ന സുപ്രീം കോടതിയുടെ വിധി പരിഗണിച്ചില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഇൗ വിധികൾ ഇന്നലെ പിൻവലിച്ചത്.
0 Comments