NEWS UPDATE

6/recent/ticker-posts

മൂന്ന് തലമുറകള്‍ക്ക് അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്ന് അബ്ദുല്ല മൗലവി പടിയിറങ്ങി

ഉദുമ: 40 വര്‍ഷം പാക്യാര ഇനാറത്തുല്‍ ഇസ്ലാം മദ്രസയില്‍ അധ്യാപകനായും പാക്യാര പള്ളിയില്‍ മുഅദ്ദിനായും സേവനം ചെയ്ത എകെ അബ്ദുല്ല മൗലവി എന്ന നാടിന്റെ സ്വന്തം മുക്രിച്ച ജോലിയില്‍ നിന്നും വിരമിച്ചു. മലപ്പുറം അരീക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ പോകുന്ന അബ്ദുല്ല മൗലവിക്ക് പാക്യാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ഇനാറത്തുല്‍ ഇസ്‌ലാം മദ്രസ കമ്മിറ്റി യാത്രയയപ്പ് നല്‍കി.[www.malabarflash.com]

സദര്‍ മുഅല്ലിം ഖാലിദ് മൗലവി ചെര്‍ക്കള പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് ഓഡിറ്റര്‍ തായത്ത് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഖത്തീബ് ഹാഫിള് ഖാലിദ് ബാഖവി ആമുഖ പ്രസംഗം നടത്തി. 

ജമാഅത്ത് കമ്മിറ്റി ട്രഷര്‍ എംകെ അബ്ദുല്‍ ഖാദര്‍ ഹാജി ഫണ്ട് കൈമാറി. ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി കെകെ അഷറഫും, യുഎഇ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ജാഫര്‍ ശരീഫും ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഉപഹാരം ചെയര്‍മാന്‍ എന്‍ മുഹമ്മദ് കുഞ്ഞിയും സമ്മാനിച്ചു. 

റഹീസ് ഹംസ, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് മെമ്പര്‍ ബഷീര്‍ പാക്യാര, അബ്ദുല്‍ റഷീദ് പള്ളം, മുഹമ്മദ് കുഞ്ഞി പാക്യാര, എസ്എ മുനീര്‍, അബ്ദുല്ല ജൗഹരി, അബ്ദുല്ല ആലി പ്രസംഗിച്ചു. 

മൂന്ന് തലമുറകള്‍ക്ക് അറിവിന്റെ അക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ അബ്ദുല്ല മൗലവി നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവരായിരുന്നു. ശാരീരിക അവശതകള്‍ക്കിടയിലും പള്ളിയും മദ്രസയും പരിപാലിക്കാന്‍ ഉസ്താദ് ഒരു മടിയും കാണിച്ചിരുന്നില്ല. 

വയനാട്, കോഴിക്കോട്, മുണ്ടപ്ര, വാക്കാലൂര്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം അരീക്കോട് നോര്‍ത്ത് കൊയക്കൂര്‍ സ്വദേശിയായ അബ്ദുല്ല മൗലവി 1978ല്‍ എരോല്‍ മദ്രസയില്‍ അധ്യാപകനായാണ് ജോലിയില്‍ കയറിയത്. ഇതിനിടയില്‍ കണ്ണംകുളം പള്ളിയിലും മദ്രസയിലും ജോലി ചെയ്തു. 1981 ലാണ് പാക്യാര മദ്രസയില്‍ ജോലിയില്‍ കയറിയത്.

Post a Comment

0 Comments