മാര്‍ച്ച് 23 മുതലാണ് വടകരയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്നും ഉടമ അറിയാതെ പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍പെടുന്നത്. ഇത്തരത്തില്‍ 30 പരാതികളാണ് വടകര സ്‌റ്റേഷനില്‍ ലഭിച്ചത്. ബുധനാഴ്ച വരെ വിവിധ അക്കൗണ്ടുകളില്‍നിന്നായി 5,10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതെന്ന് പോലിസ് പറഞ്ഞു.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വന്‍ തട്ടിപ്പ് സംഘമാണിതിനുപിന്നിലുള്ളത്. ഇവരില്‍പ്പെട്ട മൂന്നുപേര്‍ വടകരയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ 16 വരെ വടകരയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചാണ് തട്ടിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വ്യാജ എടിഎം കാര്‍ഡുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ പിന്‍ നമ്പര്‍ അടക്കമുള്ള കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച് ഉത്തരേന്ത്യയിലുള്ള മൂന്ന് കൂട്ടുപ്രതികള്‍ക്ക് നല്‍കിയാണ് വടകര സ്വദേശികള്‍ തട്ടിപ്പിന്റെ ഭാഗമായത്.
പിന്‍വലിക്കപ്പെട്ട പണത്തില്‍ നിന്നും ഒരു വിഹിതം ഇവര്‍ക്ക് കിട്ടിയതായി പോലിസ് പറയുന്നു. തട്ടിപ്പ് നടത്തുന്നതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനെ കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചു. അറസ്റ്റിലായ രണ്ടുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്.
വടകര പുതിയ ബസ്‌സ്റ്റാന്‍ഡിനടുത്ത് ഐടി സ്ഥാപനം നടത്തിവരുകയാണിരുവരും. ഇവരില്‍ തട്ടിപ്പിനുപയോഗിച്ച മൂന്നു മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും പോലിസ് പിടിച്ചെടുത്തു. എടിഎം കൗണ്ടറില്‍ പ്രത്യേക കാമറ സ്ഥാപിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഫെബ്രുവരി 10 മുതല്‍ 16 വരെ ഈ രണ്ട് എടിഎം കൗണ്ടറില്‍ എത്തിയവര്‍ എത്രയും വേഗം പിന്‍ നമ്പര്‍ മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണ സംഘത്തില്‍ റൂറല്‍ എസ്പി എ ശ്രീനിവാസ്, ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, ഐ.പി. എസ്.എച്ച്.ഒ. സുഷാന്ത്, എസ്‌ഐ. ഷറഫുദ്ദീന്‍, എസ്‌സിപിഒ സിജേഷ്, പ്രദീപന്‍, റിദേഷ്, ഷിനില്‍, സജിത്ത്, ഷിരാജ്, സൈബര്‍ സെല്‍ എക്‌സ്‌പേര്‍ട്ട് സരേഷ് എന്നിവരുണ്ടായിരുന്നു.
0 Comments