മധ്യപ്രദേശ്: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ 'ഗോ കൊറോണ ഗോ' മന്ത്രത്തിന് ശേഷം 'ഓട് കൊറോണേ ഓട്' മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണർ. സംസ്ഥാനത്തെ അഗർ മാൾവ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്, മന്ത്രംജപിച്ച് കൊറോണയെ ഓടിക്കാൻ ശ്രമിച്ചത്.[www.malabarflash.com]
കൊറോണ വൈറസ് തങ്ങളുടെ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണർ കത്തിച്ച പന്തവുമായി മന്ത്രം ചൊല്ലി നെട്ടോട്ടമോടിയത്. ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓട് കൊറോണേ ഓട് എന്ന് ആക്രോശിച്ചു കൊണ്ട് പന്തങ്ങൾ വായുവിൽ ചുഴറ്റുന്നതായും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഈ പ്രവർത്തിയിലൂടെ തങ്ങളുടെ ഗ്രാമം കൊറോണയുടെ ശാപത്തിൽ നിന്ന് മുക്തി നേടുമെന്നാണ് ഇവരുടെ പ്രതീക്ഷയും വിശ്വാസവും.
'എപ്പോഴെല്ലാം ഗ്രാമത്തിൽ മഹാമാരി പിടിപെടുന്നുവോ അപ്പോഴെല്ലാം ഗ്രാമത്തിലെ വീടുകളിൽ നിന്ന് ഒരാൾ വീതം കത്തിച്ചു പിടിച്ച പന്തവുമായി ഗ്രാമാതിർത്തികളിലേക്ക് ഓടണം. ഈ പന്തങ്ങൾ പിന്നീട് ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകളയും.' തങ്ങളുടെ മുതിർന്നവരാണ് ഇത്തരമൊരു സമ്പ്രദായത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുള്ളതെന്ന് പ്രദേശ വാസികളിലൊരാൾ വ്യക്തമാക്കി.
'എന്റെ ഗ്രാമമായ ഗണേശപുരയിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി എല്ലാ ദിവസവും ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് ജനങ്ങൾ വളരെയധികം പരിഭ്രാന്തരായി. ഗ്രാമത്തിലെ മിക്കവർക്കും പനിയുണ്ട്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ ചെയ്തതിന് ശേഷം ഇതുവരെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.' പ്രദേശ വാസികളിലൊരാൾ പറഞ്ഞു.
കഴിഞ്ഞ വർഷം കൊറോണ വൻപ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാല 'ഗോ കൊറോണ ഗോ' മന്ത്രം ജപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവൻ ഈ മന്ത്രത്തിൽ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം.
0 Comments