NEWS UPDATE

6/recent/ticker-posts

ഡല്‍ഹി ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ കേന്ദ്ര സേനാ നീക്കം; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: ചരിത്രപ്രാധാന്യമുള്ള ഡല്‍ഹി ലോധി റോഡിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ ഗൂഢനീക്കവുമായി സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്). ഇതിന്റെ ഭാഗമായി ഉടന്‍ പള്ളി ഒഴിയാന്‍ കാലിയാക്കാന്‍ പള്ളി ഇമാമിന് പോലിസ് നിര്‍ദേശം നല്‍കി.[www.malabarflash.com]

നിസാമുദ്ദീന്‍, ലോധി റോഡ് പോലിസ് സ്‌റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ നേരിട്ട് വന്നാണ് ലാല്‍മസ്ജിദ് ഇമാമിനോട് പള്ളി ഒഴിയാന്‍ ആവശ്യപ്പെട്ടത്. 

സ്വാതന്ത്ര്യത്തിനു മുമ്പെ മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന മസ്ജിദ് പൊളിച്ച് വഖഫ് ഭൂമി കൈയേറി അര്‍ധസൈനിക വിഭാഗത്തിന് ഓഫിസുകളും ബാരക്കുകളും പണിയാനാണ് നീക്കം. 

വിവരമറിഞ്ഞ് ലാല്‍ മസ്ജിദിലെത്തിയ ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനതുല്ലാ ഖാന്‍ പോലിസ് നീക്കം അനുവദിക്കില്ലെന്നും സിആര്‍പിഎഫ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നേരത്തേയും ലാല്‍ മസ്ജിദ് കയ്യേറാന്‍ സിആര്‍പിഎഫ് ശ്രമം നടത്തിയിരുന്നതായി അമാനതുല്ലാ ഖാന്‍ പറഞ്ഞു. 

വഖഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന പൗരാണിക പള്ളി പൊളിച്ചുനീക്കാന്‍ എങ്ങിനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയിലെ പള്ളികള്‍ തകര്‍ക്കാനും ഖബര്‍സ്ഥാനുകള്‍ കൈയാറാനുമുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോടും ഖാന്‍ ആവശ്യപ്പെട്ടു. 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിജിഒ കോംപ്ലക്‌സിനോട് ചേര്‍ന്ന് കിടക്കുന്ന 2.33 ഏക്കര്‍ വഖഫ് ഭൂമി സിആര്‍പിഎഫിന് കൈമാറാന്‍ 2017 ഫെബ്രുവരി 25ന് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഭൂ വികസന കമീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. തുടര്‍ന്ന്, കേന്ദ്ര റിസര്‍വ് പോലിസിന് ഓഫിസുകളും ബാരക്കുകളും കാന്റീനും പാര്‍ക്കിങ് സ്ഥലവുമൊരുക്കാനായി സ്ഥലം 49 ലക്ഷം രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 22ന് രഹസ്യമായി വില്‍പ്പന നടത്തുകയും ചെയ്തു. 

വഖഫ് ഭൂമി കൈയേറുന്നതിനെതിരേ കേന്ദ്ര സര്‍ക്കാറിനെതിരേ 2011ല്‍ ഹബീബുര്‍റഹ്മാന്‍ നല്‍കിയ കേസ് കോടതി പരിഗണനയിലിരിക്കെയായിരുന്നു നിയമവിരുദ്ധമായ ഈ വില്‍പ്പന. കോടതിയിലിരിക്കുന്ന കേസിലെ കക്ഷിയെയും കോടതിയെയും അറിയിക്കാതെയായിരുന്നു ഈ നീക്കം. 

ലാല്‍ മസ്ജിദും ഖബര്‍സ്ഥാനും 1970ലെ ഡല്‍ഹി ഗസറ്റ് വിജഞാപനത്തില്‍ വഖഫ് ഭൂമിയായി വ്യക്തമാക്കിയതാണ്. ഈ ഭൂമിയാണ് കൈയേറി വില്‍പന നടത്തിയത്. ഇതിനെതിരേ ഡല്‍ഹി വഖഫ് ബോര്‍ഡ് 2017 ജൂലൈ 29ന് നിസാമുദ്ദീന്‍ പോലിസ് സ്‌റ്റേഷന്‍ എച്ച്എസ്ഒക്ക് പരാതി നല്‍കിയിരുന്നു. 

വഖഫ് ഭൂമി കുടിയൊഴിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഈ പരാതിയുടെ പകര്‍പ്പ് ഡിഫന്‍സ് കോളനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും അയച്ചിരുന്നു. തുടര്‍ന്ന് നിര്‍ത്തിവെച്ച ഒഴിപ്പിക്കലിനാണ് കേന്ദ്ര സേന വീണ്ടും നീക്കം തുടങ്ങിയിരിക്കുന്നത്.

Post a Comment

0 Comments