കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കായി നടത്തിയ ഓൺലൈൻ ക്ലാസിൽ 'ആർ.എസ്.എസിനു കീഴിലുള്ള ഭരണത്തെ ഫാഷിസ്റ്റ് ഭരണമെന്ന്' വിദ്യാർഥികളെ പഠിപ്പിച്ചതായ ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ വൈസ് ചാൻസലർ സമിതിയെ നിയമിച്ചു.[www.malabarflash.com]
ആർ.എസ്.എസിന്റെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ പരാതിയെ തുടർന്നാണ് നടപടി. വൈസ് ചാൻസലർ ഡോ. എച്ച്. വെങ്കടേശ്വർലു നിയമിച്ച സമിതിയിൽ പ്രഫ. ഡോ. എം.എസ്. ജോൺ, പ്രഫ. ഡോ. കെ.പി. സുരേഷ്, പരീക്ഷ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ എന്നിവരാണുള്ളത്.
എ.ബി.വി.പി കേന്ദ്ര സർക്കാറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യു.ജി.സിയും വിഷയം പരിശോധിക്കാൻ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പിലെ അസി. പ്രഫസർ ഡോ. ഗിൽബട്ട് സെബാസ്റ്റ്യനെതിരെയാണ് ആരോപണമുണ്ടായത്. 'ഫാഷിസവും നാസിസവും' എന്ന വിഷയത്തിൽ ക്ലാസെടുക്കുന്നതിനിടയിലെ സ്ലൈഡ് പ്രദർശനത്തിൽ സംഘ്പരിവാർ കുടുംബത്തെ ഫാഷിസ്റ്റ് എന്നാണ് പൊതുവിൽ പറയാറുള്ളത് എന്ന് പരാമർശിച്ചിരുന്നു. ഇത് റെക്കോഡിങ് വിഭാഗത്തിൽ നിന്നും ചോർത്തി നൽകി വിവാദമാക്കുകയായിരുന്നുവത്രെ.
സ്പെയിനിൽ ജനറൽ ഫ്രാങ്കോ, പോർച്ചുഗലിൽ സലാസർ, അർജൻറീനയിൽ ജുവാൻ പെരർ, ചിലിയിൽ പിനോഷെ എന്നിങ്ങനെ നീട്ടിയ പട്ടിക 2014ൽ നരേന്ദ്രമോദിയിൽ എത്തി നിർത്തുകയായിരുന്നു. മോദി ഫാഷിസ്റ്റാണെന്ന് പരാമർശിച്ചിട്ടില്ല.
എന്നാൽ അധ്യാപകന്റെ ഭാഗത്തുതെറ്റില്ലെന്ന നിലപാടാണ് സഹ അധ്യാപകർക്കുള്ളത്. ലോക രാഷ്ട്രീയത്തിൽ ഉയർന്ന എല്ലാ ചിന്തകളും അക്കാദമിക് മൂല്യമുള്ളതാണെന്നും അവ ക്ലാസുകളിൽ ചർച്ചക്ക് വിധേയമാക്കാമെന്നും അധ്യാപകർ പറയുന്നു. സിലബസിനു അകത്തുനിന്നുള്ള അക്കാദമിക യോജിപ്പുകളും വിയോജിപ്പുകളുമാകാം. അത് സർവകലാശാലയുടെ ധൈഷണിക നിലവാരം ഉയർത്തുമെന്നും അധ്യാപകർ പറയുന്നു.
ആരോപണ വിധേയനായ അധ്യാപകൻ ഗിൽബർട്ട് സെബാസ്റ്റ്യൻ പ്രതികരിക്കാൻ തയാറായിട്ടില്ല. കേന്ദ്ര സർവകലാശാലയിൽ എ.ബി.വി.പി ഇതര വിദ്യാർഥി സംഘടനകൾ അധ്യാപകനെതിരെയുള്ള നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
0 Comments