NEWS UPDATE

6/recent/ticker-posts

ക്രിപ്​റ്റോ കറൻസി: യുവാക്കളെ തട്ടിക്കൊണ്ടുപോയ അഞ്ച്​ കാസര്‍കോട്​ സ്വദേശികളുൾപ്പെടെ ഏഴുപേർ അറസ്​റ്റിൽ

ഉള്ളാള്‍: ക്രിപ്​റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട്​ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മർദിക്കുകയും ബന്ധുക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേരെ ഉള്ളാള്‍ പോലീസ് അറസ്​റ്റ്​ ചെയ്തു.[www.malabarflash.com]

കാസര്‍കോട്​ സ്വദേശി ഷംസീര്‍ (29), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമര്‍ നൗഫല്‍(24), ഉപ്പള സ്വദേശികളായ മുഹമ്മദ് കൗസര്‍ (41), ഷെയ്ഖ് മുഹമ്മദ് റിയാസ് (28), മംഗളൂരു അത്താവർ സ്വദേശികളായ അഹമ്മദ് ഇഖ്​ബാല്‍ (33), സി. നൗഷാദ് (28) എന്നിവരാണ്​ അറസ്​റ്റിലായത്.

ഏപ്രിൽ 22ന്​ മംഗളൂരു ​കെ .സി. റോഡിൽനിന്ന്​ അഹമ്മദ് അഷ്‌റഫ്, മഞ്ചേശ്വരം ഹൊസങ്കടിയിൽനിന്ന്​ ഇയാളുടെ സുഹൃത്ത് ജാവേദ് എന്നിവരെ കാറുകളിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ്​ അറസ്​റ്റ്​. പ്രതികളിൽനിന്ന്​ മൂന്ന് കാർ‍, ഒരു ബൈക്ക്, 10 മൊബൈല്‍ ഫോണുകള്‍,120 ഗ്രാം തൂക്കം വരുന്ന സ്വർണമാല, ആധാരം തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

യുവാക്കളെ തട്ടിക്കൊണ്ടുപോയി ഒരു വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ബന്ധുക്കളെ ഫോണില്‍ വിളിച്ച് പണവും രേഖകളും നല്‍കണമെന്നും ഇല്ലെങ്കില്‍ രണ്ടുപേരെയും വധിക്കുമെന്നും ഭീഷണിമുഴക്കിയതായി മംഗളൂരു സിറ്റി പോലീസ്​ കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു.

യുവാക്കളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചതോടെ അഷ്‌റഫിനെയും ജാവേദിനെയും സംഘം തലപ്പാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

ക്രിപ്​റ്റോ കറൻസി ഇടപാടിൽ പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.


Post a Comment

0 Comments