കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന് പിരിവു നൽകാൻ വൈകിയതിെൻറ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.[www.malabarflash.com]
കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിക്കിന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വീടിന്റെ തറയുടെ കിഴക്കും തെക്കും ഭാഗത്ത് സിമൻറിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിട്ടു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് നിർമിച്ച ഷെഡും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകരാരോ പിന്നീട് കൊടി മാറ്റി.
ഫെബ്രുവരി അഞ്ചിനാണ് വീട് വെക്കാനുള്ള അനുമതി പഞ്ചായത്ത് നൽകിയത്. പഞ്ചായത്തംഗമായ സി.പി.എം നേതാവ് അശോകൻ ഇട്ടമ്മലാണ് അനുമതി വാങ്ങിച്ച് കൊടുത്തത്. എന്നാൽ വയലിൽ വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കെ. സബീഷിന്റെ വാദം.
തറ പൊളിച്ച് കൊടി നാട്ടിയതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. സ്ഥലം ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതിനാലും ഉടമക്ക് 10 സെൻറ് മാത്രമേയുള്ളൂവെന്നതിനാലുമാണ് നിർമാണ അനുമതി നൽകിയതെന്ന് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് പറഞ്ഞു.
0 Comments