NEWS UPDATE

6/recent/ticker-posts

മൊബൈൽ ഫോൺ കൊണ്ടുവന്നതിന്​ സ്​കൂളിൽ നിന്ന്​ പുറത്താക്കി; പത്താം ക്ലാസുകാരി തൂങ്ങിമരിച്ചു

ഗുഡ്​ഗാവ്​: ഹരിയാനയിലെ ഗുഡ്​ഗാവിൽ പത്താം ക്ലാസ്​ വിദ്യാർഥിനി തൂങ്ങിമരിച്ചു. മൊബൈൽ ഫോൺ കൊണ്ടുവന്നു, കൈവിരൽ നഖം നീട്ടി, നീളമേറിയ കമ്മൽ ധരിച്ചു എന്നീ കാരണങ്ങൾ പറഞ്ഞ്​ മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച്​ കുട്ടിയെ പ്രിൻസിപ്പൽ ശിക്ഷിച്ചതിൽ മനംനൊന്താണ്​ കടുംകൈ ചെയ്​തതെന്ന്​ ബന്ധുക്കൾ ആരോപിച്ചു.[www.malabarflash.com]


ഏപ്രിൽ ഒമ്പതാം തീയതിയാണ്​ സംഭവം. ഏപ്രിൽ എട്ടാം തീയതി കുട്ടിയുടെ രക്ഷിതാക്കളെ പ്രിൻസിപ്പൽ സ്​കൂളിലേക്ക്​ വിളിപ്പിച്ചിരുന്നു. കുട്ടിയെ സ്​കൂളിൽ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി.

അന്ന്​ വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ല. ​സ്​കൂളിൽനിന്ന്​ പുറത്താക്കരുതെന്ന്​ അഭ്യർഥിച്ച്​ രക്ഷിതാക്കൾ പിറ്റേന്നും സ്​കൂളിലെത്തി. കൂടെ അതേ സ്​കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനുമുണ്ടായിരുന്നു. ഓൺലൈൻ ക്ലാസിന്​ വേണ്ടിയാണ്​ കുട്ടി മൊബൈൽ ​ഫോൺ ഉപയോഗിച്ചതെന്ന്​ സഹോദരൻ പ്രിൻസിപ്പലിനോട്​ പറഞ്ഞെങ്കിലും അദ്ദേഹം അത്​ ചെവിക്കൊണ്ടില്ലെന്ന്​ മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു​.

സ്​കൂളിൽ നിന്ന്​ പുറത്താക്കരുതെന്ന്​ വീണ്ടും പ്രിൻസിപ്പലിനോട് അപേക്ഷിക്കാമെന്ന്​ മാതാപിതാക്കൾ പറഞ്ഞെങ്കിലും കുട്ടി ഒന്നും മിണ്ടാതെ ഒന്നാം നിലയിലുള്ള മുറിയിൽ കയറി കടുംകൈ ചെയ്യുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ്​ പ്രിൻസിപ്പലിനെതിരെ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്​റ്റ്​​ ചെയ്​തിട്ടില്ല.

Post a Comment

0 Comments