ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വീണ്ടും വ്യാജപ്രചാരണങ്ങൾ. ഗായികയുടെ ചിത്രങ്ങള്‍ക്കൊപ്പം ആദരാഞ്ജലികൾ എന്നു കുറിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇവ അടിസ്ഥാനരഹിതമാണെന്നും ഗായിക ആരോഗ്യവതിയായിരിക്കുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.[www.malabarflash.com]
ഇത് ഒന്‍പതാം തവണയാണ് എസ്.ജാനകിയ്ക്കെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. മുൻപ് ഇത്തരം വാർത്തകൾ പ്രചരിച്ചപ്പോൾ കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ 'സമം' നൽകിയ പരാതിയിൽ അന്വേഷണം നടന്നിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയുടെ അറസ്റ്റും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ ജാനകി മരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകൻ ശരത് തുടങ്ങിയവർ രൂക്ഷമായി പ്രതികരിച്ചിരുന്നു.
2017ലാണ് ജാനകി ഇനി പാടുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.
തന്റെ സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രശസ്ത വ്യക്തികൾ മരിച്ചുവെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. സിനിമാതാരങ്ങളായ സലീം കുമാർ, മാമുക്കോയ, വി.കെ ശ്രീരാമൻ, സീരിയൽ താരം അനു ജോസഫ് എന്നിവർ ഇത്തരം പ്രചാരണത്തിനു ഇരയായിട്ടുണ്ട്.
0 Comments