NEWS UPDATE

6/recent/ticker-posts

കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കടുത്ത് വിലമതിക്കുന്ന പച്ചക്കറി; ഇന്ത്യയില്‍ ഇതാദ്യമായി കൃഷി ചെയ്തിരിക്കുന്നത് ബീഹാറില്‍ നിന്നുള്ള കര്‍ഷകന്‍

ഓരോ തവണ മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങിക്കുമ്പോഴും പ്രതിദിനം വര്‍ധിച്ചുവരുന്ന വിലയെ കുറിച്ച് നമ്മള്‍ ആകുലപ്പെടാറുണ്ട്, അല്ലേ? അങ്ങനെയെങ്കില്‍ വ്യത്യസ്തമായ ഈ പച്ചക്കറിയുടെ വിലയൊന്ന് കേട്ട് നോക്കൂ... കിലോയ്ക്ക് ഏതാണ്ട് ഒരു ലക്ഷം രൂപ അടുത്ത് വില വരുന്ന പച്ചക്കറി...[www.malabarflash.com]


കേള്‍ക്കുമ്പോള്‍ ആരും ഇത് വിശ്വസിച്ചേക്കില്ല. പക്ഷേ സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള പച്ചക്കറികളിലൊന്നാണിത്. 'ഹോപ് ഷൂട്ട്‌സ്' എന്നാണ് ഇതിന്റെ പേര്. അടിസ്ഥാനപരമായി പൂച്ചെടികളോട് സാദൃശ്യമുള്ള ചെടികളാണ് 'ഹോപ്'.

ഇതിന്റെ പല ഭാഗങ്ങളും പല ഉപയോഗങ്ങള്‍ക്ക് ഉപകരിക്കുന്നവയാണത്രേ. 'ഹോപ് ഷൂട്ട്‌സ്' എന്ന ഭാഗമാണ് കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇത് സൂക്ഷ്മമായി മനുഷ്യര്‍ തന്നെ കൈ കൊണ്ട് നുള്ളിയെടുത്താണ് ശേഖരിക്കേണ്ടത്. ഇതിന്റെ കൃഷിരീതിയും ഉത്പന്നമാക്കി ഇതിനെ എടുക്കാനുള്ള ബുദ്ധിമുട്ടും, ഗുണങ്ങളും എല്ലാം കൂടി വരുമ്പോഴാണ് ഇത്രയും വില വരുന്നതത്രേ.

ഇന്ത്യയില്‍ ഇതാദ്യമായി കൃഷി ചെയ്തിരിക്കുന്നത് ബീഹാറില്‍ നിന്നുള്ള ഒരു കര്‍ഷകനാണ്. മുപ്പത്തിയെട്ടുകാരനായ അമരേഷ് സിംഗിന്റെ കൃഷിയെ കുറിച്ച് ഇപ്പോഴാണ് ഏവരും അറിയുന്നതും. ഏറെ പ്രയാസമുള്ള ഈ കൃഷിയിലേക്ക് ധൈര്യപൂര്‍വ്വം ഇറങ്ങിയതാണ് അമരേഷ്. എന്നാല്‍ സംഗതി വിജയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

വരാണസിയിലെ 'ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ നിന്നാണത്രേ അമരേഷ് 'ഹോപ്' ചെടികളുടെ തൈ ശേഖരിച്ചത്. തുടര്‍ന്ന് തന്റെ കൃഷിയിടത്തില്‍ ആവശ്യമായ പരിചരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കിക്കൊണ്ട് കൃഷി നടത്തുകയായിരുന്നു.

കര്‍ഷകര്‍ക്ക് വമ്പിച്ച സാമ്പത്തികലാഭം നല്‍കുന്ന വിള ആയതിനാല്‍ തന്നെ കൂടുതല്‍ കര്‍ഷകര്‍ ഇതിലേക്ക് തിരിയണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്.

Post a Comment

0 Comments