NEWS UPDATE

6/recent/ticker-posts

മാസ്​ക്​ മറയായി ഉപയോഗിച്ച്​ പ്ലസ്​ടു പരീക്ഷയിൽ ആൾമാറാട്ടം; മഞ്ചേരിയിൽ വിദ്യാർഥികൾ അറസ്​റ്റിൽ

മഞ്ചേരി: ഹയർ സെക്കൻഡറി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ വിദ്യാർഥികൾ അറസ്​റ്റിൽ. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുഹമ്മദ് റാഫി (19), സുഹൃത്ത് അരീക്കോട് സ്വദേശി മുഹമ്മദ് ഷാമില്‍ (18) എന്നിവരെയാണ് മഞ്ചേരി സി.ഐ കെ.പി. അഭിലാഷിന്റെ  നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്തത്.[www.malabarflash.com]


ചൊവ്വാഴ്ച നടന്ന പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയായ മുഹമ്മദ് റാഫിക്ക് പകരക്കാരനായാണ് ഷാമില്‍ പരീക്ഷക്കെത്തിയത്. കഴിഞ്ഞ വർഷം പ്ലസ് ടു വിജയിച്ച വിദ്യാർഥിയാണ് ഷാമിൽ. പരീക്ഷ എഴുതേണ്ട റാഫി പ്ലസ് വൺ പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റിരുന്നു. ഇതോടെയാണ് ആൾമാറാട്ടം നടത്തിയത്.

രാവിലെ 9.40 മുതൽ 12.30 വരെ ആയിരുന്നു പരീക്ഷ. പരീക്ഷ ആരംഭിച്ച ശേഷം ഇൻവിജിലേറ്റർ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ്​ മനസ്സിലായത്. പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ ബന്ധു തന്നെയായിരുന്നു ഇൻവിജിലേറ്ററായി എത്തിയത്. 

ഉടൻ ഇവർ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. പ്രിൻസിപ്പൽ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും മഞ്ചേരി പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതുകാരണം മാസ്‌ക് അഴിച്ച്​ പരിശോധിക്കാൻ തടസ്സമുണ്ട്. ഇതു മുതലെടുത്താണ് ആള്‍മാറാട്ടം നടത്തിയത്.

Post a Comment

0 Comments