അക്രമം തടയാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റു. ഇദ്ദേഹത്തെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ബിജെപി പ്രവർത്തകരെ പിന്തിരിപ്പിച്ച് മുരളീധരന്റെ വാഹനത്തിനു പോകാൻ സൗകര്യം ഒരുക്കിയത്.
പോലീസിനു നേരെയും ബിജെപിക്കാരുടെ കയ്യേറ്റമുണ്ടായി. തുടർന്നു നടത്തിയ ലാത്തിച്ചാർജിൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. വിവേക്, പ്രഹ്ലാദ്, ആകാശ് തുടങ്ങിയവർക്കാണു പരുക്കേറ്റത്. കെ.മുരളീധരന്റെ ഡ്രൈവർക്കും പരുക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി
സ്റ്റുഡിയോ റോഡിൽ വോട്ടർമാരെ കാണാനെത്തിയ കെ.മുരളീധരൻ സഞ്ചരിച്ച വാഹനം ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അവസാനവട്ടം വോട്ട് ഉറപ്പിക്കാനും ബൂത്ത് ക്രമീകരണം വിലയിരുത്താനുമായി മറ്റു നേതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു മുരളീധരൻ. വെള്ളായണി ഭാഗത്തെ സന്ദർശനം കഴിഞ്ഞ് നേമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കു മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പ്രദേശത്തെ മുപ്പതോളം ബിജെപി പ്രവർത്തകർ കൂട്ടമായി എത്തി പ്രതിഷേധിച്ചത്.
വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാർഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുരളീധരനും ഒപ്പമുള്ളവരും കാറിൽ കയറിയപ്പോഴാണ് വാഹനം ആക്രമിച്ചത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്ലാഗ് റോഡ് ഒടിക്കുകയും ചെയ്തു. തുടർന്നാണ് കല്ലേറുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിലാണു ഷജീറിനു പരുക്കേറ്റത്.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രാത്രി നേമം പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സംഭവസ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്
0 Comments