NEWS UPDATE

6/recent/ticker-posts

ഉത്തരേന്ത്യയിലെ സ്ഥിതി നിലവില്‍ കേരളത്തിലില്ല; ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കോവിഡ് വ്യാപനമുണ്ടെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]

ജാഗ്രത പുലര്‍ത്തിയാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. 

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേയ്ക്ക് ശക്തമായി തിരിച്ചു പോകേണ്ടിയിരിക്കുന്നു. മാസ്‌ക് കൃത്യമായി ധരിക്കാനും, കൈകള്‍ ശുചിയാക്കാനും, ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. 

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗവ്യാപനം കുറഞ്ഞതും മരണങ്ങള്‍ അധികം ഉണ്ടാകാതിരുന്നതും.

ഇക്കാര്യത്തില്‍ സ്വയമേവയുള്ള ശ്രദ്ധ നല്‍കുന്നതില്‍ ചെറിയ വീഴ്ചകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. പൊലീസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കില്‍ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവര്‍ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാന്‍ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തില്‍ നമ്മള്‍ തീരുമാനിച്ചില്ലെങ്കില്‍ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാം.

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്‌നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ നമ്മളേവരും സ്വയം ഏറ്റെടുക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. മാറ്റിവെയ്ക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്താന്‍ തീരുമാനിക്കാം. സര്‍ക്കാര്‍ അനുവദിച്ചത് പരമാവധി 75 ആളുകള്‍ ആണെങ്കില്‍, ഇനിയും ചുരുക്കാം.

ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റ് നടപടികള്‍ ഭയന്നോ ചെയ്യുന്നതിനു പകരം ഇതെല്ലാം അവനവന്റെ ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം. അല്ലെങ്കില്‍ രോഗവ്യാപന വേഗത നമ്മള്‍ വിചാരിക്കുന്നതിലും വേഗം കൈവരിക്കുകയും, നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റിക്ക് അപ്പുറം പോവുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments