NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്തെ കൊലപാതകത്തിന് കാരണം മദ്യം വാങ്ങാന്‍ നല്‍കിയ തുകയെ ചൊല്ലിയുള്ള തര്‍ക്കം; കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഉദുമ:  കോട്ടിക്കുളത്തെ കടവരാന്തയില്‍ കര്‍ണാടക സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക നാഗൂര്‍ ബഗല്‍കോട്ട് സ്വദേശിയായ ഉമേശഗൗഡ സരസപ്പൂര്‍(37) ആണ് അറസ്റ്റിലായത്. ശനിയാഴ്ച  വൈകിട്ടാണ് ഉമേശഗൗഡയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

കൊല്ലപ്പെട്ടയാള്‍ കര്‍ണാടക സ്വദേശിയാണെങ്കിലും ഇയാളുടെ പേരും മേല്‍വിലാസവും ഇതുവരെ ലഭിച്ചിട്ടില്ല. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. 

പാലക്കുന്നിലും പരിസരങ്ങളിലും ചില്ലറ ജോലികള്‍ ചെയ്ത് റെയില്‍വെ പ്ലാറ്റ് ഫോമിലും ബസ് കാത്തിരിപ്പുകേന്ദ്രത്തിലുമായി അന്തിയുറങ്ങിയിരുന്ന കര്‍ണാടക സ്വദേശിയെയാണ് വിഷുദിനം രാത്രി കോട്ടിക്കുളത്തെ കടവരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടിരുന്നത്. 

ഉമേശഗൗഡയും കൊല്ലപ്പെട്ട വ്യക്തിയും തമ്മില്‍ കണ്ടുപരിചയമുണ്ട്. എന്നാല്‍ കര്‍ണാടക സ്വദേശിയാണെന്നല്ലാതെ പേരും വിലാസവും എന്താണെന്ന് ഉമേശ ഗൗഡക്കും അറിയില്ലായിരുന്നു. വിഷുദിവസം രാത്രി രണ്ടുപേരും കാസര്‍കോട്ടുനിന്ന് കോട്ടിക്കുളത്തിറങ്ങി ഉമേശ രാത്രി തങ്ങുന്ന കടവരാന്തയിലെത്തി. തുടര്‍ന്ന് ഒരുമിച്ച് മദ്യപിക്കുകയും ചെയ്തു. 

ഇതിനിടെ മദ്യത്തിന് മുടക്കിയ തുക പങ്കുവെക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഉമേശ അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി വെളിപ്പെടുത്തിയത്. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം ഇതുതന്നെയാണോ എന്നതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് പോലീസ് പറഞ്ഞു. 

വിഷുദിനം പിറ്റേന്ന് രാവിലെ കോട്ടിക്കുളം പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകുകയായിരുന്നവരാണ് എതിര്‍വശത്തെ കടവരാന്തയില്‍ മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് തൊട്ടടുത്ത കടയിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിഷുദിനം രാത്രി 11.20ന് ഈ മൃതദേഹം ഒരാള്‍ ചാക്കില്‍ കിടത്തി വലിച്ചുകൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉമേശയെ പോലീസ് നിരീക്ഷണത്തിലാക്കിയത്. 

ജോലി തേടി നാഗൂരില്‍ നിന്ന് കാസര്‍കോട് ജില്ലയിലെത്തിയ ആളാണ് ഉമേശ. പകല്‍ മറ്റിടങ്ങളില്‍ ജോലി ചെയ്ത ശേഷം രാത്രി കോട്ടിക്കുളത്തെ കടയുടെ പിറകിലെ കെട്ടിടത്തിലാണ് അന്തിയുറങ്ങിയിരുന്നത്. 

ബേക്കല്‍ ഡി.വൈ.എസ്.പി കെ.എം ബിജു, സി.ഐ ടി.വി പ്രതീഷ്, എസ്.ഐ ജോണ്‍, എ.എസ്.ഐമാരായ പ്രസാദ്, അബൂബക്കര്‍, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. 

Post a Comment

0 Comments