എറണാകുളം: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകൻ എം.എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന വ്യാജ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്ഥലത്തിന്റെ ഉടമയുടേതെന്ന രൂപത്തിലാണ് ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.[www.malabarflash.com]
എന്നാൽ, ആ ശബ്ദ സന്ദേശം തന്റെതല്ലെന്ന് സ്ഥലമുടമ നെട്ടൂർ സ്വദേശി പീറ്റർ ഏലിയാസ് നികോളാസ് പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഹെലികോപ്റ്റർ ഇറക്കിയ സ്ഥലം രണ്ടു കോടി രൂപക്ക് വിൽക്കാൻ വെച്ചതാണെന്നും ഇനി വിൽപനയൊന്നും നടക്കില്ലെന്നും യൂസഫലിയോട് സ്ഥലമുടമ പറയുന്നതിന്‍റെ ഫോൺ റെക്കോഡെന്ന വ്യാജേനയാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. തക്കതായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്.
ഒന്നോ രണ്ടോ ലക്ഷം നഷ്ടപരിഹാരമായി നൽകാമെന്നും രണ്ടു കോടിയൊന്നും നൽകാനാകില്ലെന്നും യൂസഫലിയെന്ന വ്യജേന സംസാരിക്കുന്നയാൾ പറയുന്നുമുണ്ട്. രണ്ട് ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ തന്റെ സ്ഥലത്തു നിന്നും ഹെലികോപ്റ്റർ എടുത്തുമാറ്റാൻ അനുവദിക്കില്ലെന്നും 'ഉടമ' പറയുന്നുണ്ട്.
താൻ മനസാ വാചാ കർമണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഫോൺ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന് സ്ഥലമുടമ പീറ്റർ പറയുന്നു. നഷട്പരിഹാരത്തിന് തനിക്ക് ഒരു അർഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ സന്ദേശത്തിനെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും യൂസഫലിയോ മാധ്യമങ്ങളോ പരാതി നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
0 Comments