മത നേതാക്കളുമായി മുമ്പ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിങ്ങിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കലക്ടർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പുതുതായി ഇറക്കിയ ഉത്തരവിലാണ് ലോക്ഡൗൺ കാലത്തിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയത്.ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെന്ന് കലക്ടർ പറഞ്ഞെങ്കിലും ഇക്കാര്യം മതനേതാക്കളും ജനപ്രതിനിധികളും നിഷേധിക്കുകയാണ്. തീരുമാനം അറിയില്ലെന്നും ഏകപക്ഷീയമായി എടുത്തതാണെന്നുമാണ് ജനപ്രതിനിധികളും മതനേതാക്കളും പറയുന്നത്.
ദുരന്തനിവാരണ സമിതിയിലെ മറ്റ് അംഗങ്ങളുമായി അടക്കം ചർച്ച ചെയ്യാതെ കലക്ടർ ഏകപക്ഷീയമായി തീരുമാനം എടുത്തതെന്നാണ് ലഭിക്കുന്ന സൂചന. മുസ്ലിം സംഘടനകൾ സംയുക്ത പ്രസ്താവനയും ഇറക്കി. മുസ്ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, സാദിഖലി തങ്ങൾ എന്നിവരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളായ ഇ.ടി മുഹമ്മദ് ബഷീർ, ടി.വി ഇബ്രാഹീം എന്നിവരും ഇങ്ങനെ ഒരു തീരുമാനം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എടുത്തതെന്ന് മാധ്യമങ്ങളെ അറിയിച്ചു.
കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധാനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്ന നിർദേശമാണ് ജനപ്രതിനിധികൾ മുന്നോട്ടു വെച്ചത്.
കോവിഡ് കേസുകൾ മലപ്പുറത്തേക്കാൾ കൂടുതലുള്ള ജില്ലകളിൽ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ് മലപ്പുറത്ത് മാത്രമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റമദാനിലെ രാത്രി നമസ്കാരത്തിന് പ്രത്യേക അനുമതി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതിന് ശേഷം ജില്ല കലക്ടർ എങ്ങനെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുകയെന്നാണ് സംഘടനകൾ ചോദിക്കുന്നത്.
0 Comments