ബംഗളൂരു: പൂജമുടങ്ങി കാടുപിടിച്ചിരുന്ന ഹൈന്ദവ ആരാധനാലയം സ്വന്തം ചെലവിൽ നവീകരിച്ച് മലയാളി മുസ്ലിം വയോധികൻ. കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ കാവതരുവിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി പി. ഖാസിം സാഹിബ് മതസൗഹാർദ സന്ദേശവുമായി ക്ഷേത്രം പുനർനിർമിച്ചു നൽകിയത്.[www.malabarflash.com]
19 വർഷമായി ക്ഷേത്ര ചുമതലക്കാരനും ഇദ്ദേഹം തന്നെ. 35 വർഷം മുമ്പ് ജോലി തേടി കുടുംബത്തോടൊപ്പം മംഗളൂരുവിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള മുൾകി താലൂക്കിലെ കാവതരുവിലെത്തിയ ഖാസിം സാഹിബ് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
ബാൽകുഞ്ചെ പഞ്ചായത്ത് അനുവദിച്ച ഭൂമിയിലാണ് ഖാസിം സാഹിബ് വീടുവെച്ചത്. വീടിന് സമീപത്ത് മുമ്പ് ആരാധന നടന്നിരുന്ന ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണ്. ഗ്രാമത്തിലെ പൂജാരിയാണ് നശിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രം പുനരുദ്ധരിക്കാമോ എന്ന് ചോദിച്ചത്.
തുടർന്ന് സഹോദര സമുദായത്തിന്റെ ആരാധനക്ക് സൗകര്യമൊരുക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഗ്രാമീണരുടെ ആവശ്യം കണ്ടറിഞ്ഞ് ഇദ്ദേഹത്തിന്റെ വീട്ടിൽ സസ്യാഹാരം മാത്രമാണ് പാചകം ചെയ്യുന്നത്. അതേസമയം സ്വന്തം വിശ്വാസപ്രകാരം ഇദ്ദേഹം മസ്ജിദിൽ മുടങ്ങാതെ പോകുന്നുമുണ്ട്.
0 Comments