NEWS UPDATE

6/recent/ticker-posts

'ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല !'; ഫേസ് ബുക്ക് കുറിപ്പിട്ട് മന്‍സൂര്‍ വധക്കേസിലെ അഞ്ചാം പ്രതി കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കരയിലെ പാറാട് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ സുഹൈല്‍ പുല്ലൂക്കര കീഴടങ്ങി.[www.malabarflash.com]

താന്‍ നിരപരാധിയാണെന്നു വിശദീകരിക്കുന്ന കുറിപ്പ് ഫേസ്ബുക്കിലിട്ട ശേഷമാണ് തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയത്. ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല !, കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? എന്ന ചോദ്യത്തോടെയാണ് സുഹൈല്‍ പുല്ലൂക്കര ഫേസ് ബുക്ക് കുറിപ്പുള്ളത്. 

നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഞാനവിടേക്ക് പോവുകയാണെന്നും അവിടെ ഞാന്‍ എന്റെ നിരപരാധിത്തം തെളിയിക്കുമെന്നും പറയുന്ന സുഹൈല്‍ നുണ പരിശോധന അടക്കമുള്ള ടെസ്റ്റുകള്‍ക്ക് തയ്യാറാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ മുഖ്യ പ്രതി ഉള്‍പ്പെടെ രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെയാണ് മാന്താല്‍ പാലത്തിനടുത്ത് ഒളിവില്‍ കഴിയുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

സുഹൈല്‍ പുല്ലൂക്കരയുടെ ഫേസ് ബുക്ക് പോസ്റ്റ്: 
ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? 
മന്‍സൂര്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ ? അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാര്‍ട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ? പാര്‍ട്ടിയേക്കാള്‍ വലിയ സംഘടന ബന്ധം മന്‍സൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ? 

കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടുംകൈ ചെയ്യാനോ അതിന് കൂട്ട് നില്‍ക്കാനോ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ ? 

മന്‍സൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാന്‍ അവന്‍ ഇപ്പോള്‍ ലീഗുകാരന്‍ ആവണ്ടേ ? കഴിഞ്ഞ നഗരസഭ തിരഞ്ഞടുപ്പ് മുതല്‍ സുന്നീ സംഘടനയെ അതിരറ്റ് സ്‌നേഹിക്കുന്ന മന്‍സൂര്‍ മുസ് ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാള്‍ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകള്‍ എന്റെ പക്കലുണ്ട് ! 

അങ്ങനെ ഉള്ള മന്‍സൂറിനെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വൈകുന്നേരങ്ങളില്‍ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങള്‍ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും SSFനേയും sSy നേയും കുറിച്ചായിരുന്നു. എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കില്‍ പോലും അവനും എന്റെ അനിയനല്ലായിരുന്നോ? 

അവന്റെ ജ്യേഷ്ഠന്‍മാര്‍ മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് ! എന്റെ പല സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും ! 

SSF , SYS , കേരള മുസ് ലിം ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എപ്പോള്‍ വിളിച്ചാലും ഓടി വരികയും ആവശ്യമായാല്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പൂര്‍ണമായും സംഘടന കുടുംബമാണ് മന്‍സുറിന്റേത്. ആ കുടുംബത്തെ ഒരു മുളള് കൊണ്ടെങ്കിലും വേദനിപ്പിക്കുവാന്‍ എനിക്ക് കഴിയുമോ ? 

ഒരിക്കലും കഴിയില്ല ! എന്ന് മാത്രമല്ല എന്റെ പുല്ലൂക്കരയിലെ സഹോദരന്‍മാരില്‍ രാഷ്ട്രീയമായി പലരും വ്യത്യസ്ത ചേരിയില്‍ ആണെങ്കിലും എന്റെ ആദര്‍ശം പറയുകയല്ലാതെ നാളിതു വരെ ഒരു ബലപ്രയോഗം പോലും തമ്മില്‍ നമ്മള്‍ നടത്തിയോ ? അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞും തര്‍ക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടില്‍ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയില്‍ തമ്മിലുള്ളത് ? 

അങ്ങനെയുള്ളപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പേരില്‍ പ്രിയപ്പെട്ട മന്‍സൂറിനെ കൊല്ലാന്‍ ഞാന്‍ ഗൂഡാലോചന നടത്തുമെന്നും അതിന് വാട്‌സാപ്പ് സ്റ്റാറ്റസ് വച്ച് തീരുമാനമെടുക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുമെന്നും നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെ നിങ്ങള്‍ വിശ്വസിച്ചെങ്കില്‍ ഇത്രയും കാലം പുല്ലൂക്കരയില്‍ ഞാനും നിങ്ങളും ചിരിച്ചു കളിച്ചു ജീവിച്ചത് പരസ്പരം മനസ്സ് കൊണ്ട് ഒന്നിച്ചല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. 

ഞാന്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അന്നും അതുപോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാന്‍ ഇവിടെ പറയുന്നു. 

മന്‍സൂറിന് അപകടം പറ്റിയത് തന്നെ ഞാന്‍ അറിയുന്നത് മന്‍സൂറിനൊപ്പം അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്ന എന്റെ സഹോദരന്‍ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോള്‍ ആണ്. ആ സമയത്ത് ഞെട്ടിത്തരിച്ച എന്നോട് മറ്റെന്തൊക്കെയോ പറഞ്ഞപ്പോഴും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. 

പിറ്റേദിനം എന്റെ കുഞ്ഞനുജന്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അവനെ ഒരു നോക്ക് കാണാനും അവന്റെ ഖബ്‌റില്‍ ഒരു പിടി മണ്ണ് വാരിയിടാനും ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ പകപോക്കല്‍ കാലങ്ങളായി നേരിടുമ്പോള്‍ ഏറെ പ്രിയപ്പെട്ട മന്‍സൂറിന്റെ മരണത്തിലും എന്നെ പ്രതിയാക്കി നാട്ടുകാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും കുടുംബത്തിലും അറിയാതെ ഇട്ടുപോയ ഒരു വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പേരില്‍ വെറുക്കപ്പെട്ടവനായി മാറ്റാന്‍ ചിലര്‍ക്ക് കഴിഞ്ഞു. അല്ലേലും അത് അങ്ങനെ ആണല്ലോ പതിവ്. 

MSFന്റേയും യൂത്ത് ലീഗിന്റേയും നേതൃസ്ഥാനത്ത് ഇരുന്ന ഞാന്‍ മുസ് ലിം ലീഗ് രാഷ്ട്രീയം വിട്ട് 10 വര്‍ഷത്തോളം ആകുന്നു. അന്ന് തുടങ്ങിയ വേട്ടയാടല്‍ അല്ലേ എന്റെ പിന്നാലെ ? അന്ന് മുതലേ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും ആയി ശ്രമിച്ചപ്പോള്‍ മന്‍സൂറിനെ പോലെയുള്ളവര്‍ എന്റെ കൂടെ നിന്നു. അതില്‍ പരാജയപ്പെട്ടപ്പോള്‍ നാട്ടിലെ എന്ത് വിഷയം നടന്നാലും അതില്‍ ഒന്നിലും ഞാന്‍ ഇല്ലെങ്കില്‍ പോലും എന്നെ പ്രതി ചേര്‍ത്ത് ജയിലിലടക്കാന്‍ എത്ര വട്ടം നിങ്ങള്‍ ശ്രമം നടത്തിയിട്ടുണ്ട്. 

എത്ര കള്ളക്കേസുകളില്‍ എന്നെ കുടുക്കാന്‍ ശ്രമിച്ചു. റബ്ബിന്റെ തൗഫീക് കൊണ്ട് പലപ്പോഴും ഞാന്‍ രക്ഷപ്പെട്ടതാണ്. CPM പ്രവര്‍ത്തനം മാത്രമല്ലല്ലോ നിങ്ങള്‍ക്ക് ഞാന്‍ ശത്രുവായത്. Sys ന്റേയും ആര്‍ ഉസ്താദ് മദ്രസയുടേയും പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുന്നതും സജീവമാകുന്നതും നിങ്ങള്‍ക്ക് കലിയാണ്. അവസാനം എല്ലാത്തിനും പരിഹാരമായി ഈ ദാരുണ സംഭവം നിങ്ങള്‍ക്ക് കിട്ടി. ഇതില്‍ ഒരു സ്റ്റാറ്റസിന്റെ പേരില്‍ എന്നെ കൊടും ക്രിമിനലായി പ്രചരിപ്പിച്ചാല്‍ ജയിലില്‍ കിടത്തുന്നതിനേക്കാള്‍ എന്റെ നാട്ടുകാരുടെ മുന്നില്‍ വെറുക്കപ്പെട്ടവനായി മാറ്റിയെടുക്കാമെന്ന് നിങ്ങള്‍ കരുതിയിട്ടുണ്ടാവുമല്ലേ ? 

എല്ലാം റബ്ബ് തെളിയിക്കും ഇന്‍ശാ അല്ലാഹ് . ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്റെ നാട്ടില്‍ നടന്നത്. മുസ്തഫക്കയുടേയും ആ കുടുംബത്തിന്റേയും വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ആ വേദനയേക്കാള്‍ നൂറു മടങ്ങ് വേദനയാണ് എന്റെ പ്രിയപ്പെട്ട മന്‍സൂറിനെ ഞാന്‍ കൊന്നു എന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാകുന്നത്. മന്‍സൂറിനെ കൊല്ലാന്‍ മാത്രം ക്രൂരനാണ് ഞാന്‍ എന്ന് എന്റെ പ്രിയപ്പെട്ട മുസ്തഫ്ക്ക വിശ്വസിക്കുന്നുണ്ടോ?. 

നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്. അവിടെ ഞാന്‍ എന്റെ നിരപരാധിത്തം തെളിയിക്കും. നുണ പരിശോധന അടക്കമുള്ള ടെസ്റ്റുകള്‍ക്ക് തയ്യാറാണ്. എനിക്ക് എന്റെ മന്‍സൂറിനെ കൊല്ലാന്‍ കഴിയില്ലെന്ന്. എല്ലാം റബ്ബില്‍ തവക്കുലാക്കി മുന്നോട്ട് പോവുകയാണ്. 

ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് വസീയത്തോടെ നിര്‍ത്തുന്നു. അസ്സലാമു അലൈകും 
Suhail Pullookkara


ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാൻ മാത്രം ഞാൻ ക്രൂരനാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ? മൻസൂർ...

Posted by Suhail Pullookkara on Friday, 16 April 2021

Post a Comment

0 Comments