NEWS UPDATE

6/recent/ticker-posts

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിച്ചു: വ‌ർ​ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് ആക്ഷേപം; പരാതി നൽകി എസ്‍ഡിപിഐ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നാരോപിച്ച് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.[www.malabarflash.com] 

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ശരണം വിളിച്ചതും സദസിലുളളവരെക്കൊണ്ട് വിളിപ്പിക്കുകയും ചെയ്തിരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ ശബരിമല വിഷയം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വർഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണെന്ന് എസ്.ഡി.പി.ഐ പറയുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച (2021 ഏപ്രിൽ രണ്ടിന്) കോന്നിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചിരുന്നു. യോഗത്തിൽ ശരണം വിളികളോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൂടാതെ സദസിലുണ്ടായിരുന്നവരെക്കൊണ്ട് ശരണം വിളിപ്പിക്കുകയും ചെയ്തു.

2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരിൽ വോട്ടു പിടിക്കരുതെന്നും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരേ നടക്കുന്ന പ്രചാരണം ഫലത്തിൽ സുപ്രിംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നെന്നും എസ്.ഡി.പി.ഐ പറയുന്നു.

വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വൈകാരിക വിഷയം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തിയതിനെതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ് രജിസറ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.

Post a Comment

0 Comments