NEWS UPDATE

6/recent/ticker-posts

പോലീസുകാരനെ ആൾകൂട്ടം തല്ലിക്കൊന്നു; മൃതദേഹം കണ്ട അമ്മ കുഴഞ്ഞ്​ വീണ്​ മരിച്ചു

പട്​ന: ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പോലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ്​ കുഴഞ്ഞ്​ വീണുമരിച്ചു. കിഷൻഗഞ്ച്​ പോലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്​.ഒയായ അശ്വിനി കുമാറാണ്​ (52) പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്​പൂർ ജില്ലയിലെ ഗോൽബോഖർ പോലീസ്​ സ്​റ്റേഷൻ പരിധിയിൽ വെച്ച്​ കൊല്ലപ്പെട്ടത്​. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം.[www.malabarflash.com]


ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട്​ തെരച്ചിലിനായാണ്​​ അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്​. അവിടെ വെച്ച്​ ആൾകൂട്ടം ആക്രമിക്കുകയായിരുന്നു​. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക്​ കൊണ്ടുപോയി.

കുമാറിനൊപ്പം ബംഗാളിൽ റെയ്​ഡിനായി പോയ ഏഴ്​ പോലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. ആൾകൂട്ടം ആക്രമിക്കാൻ വന്ന വേളയിൽ സഹപ്രവർത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെ​ട്ടെന്ന്​ കാണിച്ചാണ്​ നടപടി. റെയ്​ഡിനെത്തിയ സംഘത്തിന്​ ബംഗാൾ പോലീസിന്‍റെ സഹായം ലഭിച്ചില്ലെന്ന്​ കിഷൻഗഞ്ച്​ എസ്​.പി കുമാർ ആശിഷ്​ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ​തിരക്കുകളിലായതിനാലാണ്​ ബിഹാർ പോലീസിന്​ ഒറ്റക്ക്​ തെരച്ചിൽ നടത്തേണ്ടി വന്നത്​. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ ബംഗാൾ പോലീസ്​ അറസ്റ്റ്​ ചെയ്​തു. മൂന്ന്​ പേരെ ശനിയാഴ്ചയും രണ്ടുപേരെ ഞായറാഴ്ചയുമാണ്​ പോലീസ്​ പിടികൂടിയത്​.

Post a Comment

0 Comments