NEWS UPDATE

6/recent/ticker-posts

കുടുംബം മാപ്പ് നല്‍കി; യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയുടെ വധശിക്ഷ കോടതി റദ്ദാക്കി

ഷാര്‍ജ: ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിയുടെ വധശിക്ഷ റദ്ദാക്കി ഷാര്‍ജ അപ്പീല്‍ കോടതി. കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറായതോടെയാണ് കോടതിയുടെ നടപടി. 34കാരനായ പ്രതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം.[www.malabarflash.com]


സുഹൃത്തിനെ കൊലപ്പെടുത്തിയതിന് പുറമെ കൊല്ലപ്പെട്ടയാളുടെ ബന്ധുവിനെ കൊല്ലാന്‍ ശ്രമിച്ചതിനും മദ്യപിച്ചതിനും ഇയാള്‍ കുറ്റക്കാരനാണ്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും. കൊല്ലപ്പെട്ടയാളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്‍കാമെന്ന വ്യവസ്ഥയിലാണ് ബന്ധുക്കള്‍ മാപ്പ് നല്‍കിയത്.

രാത്രി ഉറക്കത്തിലായിരുന്ന സുഹൃത്തിനെ പ്രതി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുവിനെയും പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. ആസൂത്രിതമായ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമാണ് പ്രോസിക്യൂഷന്‍ കേസെടുത്തത്. മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇടപെട്ടത് കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം തടയാന്‍ കഴിഞ്ഞത്.

കേസ് നേരത്തെ പരിഗണിച്ച ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഈ ശിക്ഷയാണ് കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയതോടെ റദ്ദാക്കപ്പെട്ടത്.

Post a Comment

0 Comments