NEWS UPDATE

6/recent/ticker-posts

പനിയെ തുടർന്ന് ചിത്രകലാ വിദ്യാർത്ഥി മരിച്ചു; വിടപറഞ്ഞ് നിറങ്ങളുടെ കൂട്ടുകാരന്‍, വരച്ചുതീര്‍ത്തത് ആയിരത്തിലേറെ ചിത്രങ്ങള്‍

കാഞ്ഞങ്ങാട്: പനിയെ തുടർന്ന് ചിത്രകലാ വിദ്യാർത്ഥി മരിച്ചു. കുളിയങ്കാൽ സ്വദേശിയും പെരിയ കാനറാ ബാങ്കിലെ അപ്രൈസറുമായ പി. മണിയുടെ മകൻ ആദിത്യൻ (15) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച രാവിലെ പനിയെ തുടർന്ന് ജില്ലാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ആദിത്യന് രാത്രിയിൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വിട പറഞ്ഞത് നിറങ്ങളുടെ തോഴന്‍. നിറങ്ങളെ അത്ര കണ്ട് സ്‌നേഹിച്ച ആദിത്യന്‍ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു നിറങ്ങളുടെ കൂട്ടത്തില്‍ നിന്ന് ശില്‍പങ്ങളുടെ കൂട്ടത്തിലേക്ക് കൂടി ചേക്കേറണമെന്ന ആഗ്രഹം ബാക്കിയാക്കി ആദിത്യന്‍ യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് ഭാവിയില്‍ ലോകം അറിയുമായിരുന്ന വലിയ കലാകാരനെ. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി ആദിത്യന്‍ വിടപറയുമ്പോള്‍ ഒട്ടേറെ സ്വപ്‌നങ്ങള്‍ ബാക്കിയാവുകയാണ്.

15 വയസ്സാകുമ്പോഴേക്കും ഈ ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് സമൂഹത്തിനുമുന്നില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയ ആദിത്യന്റ കഴിവ് അപാരം തന്നെയാണെന്നാണ് പ്രശസ്ത ശില്പിയും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലം പറയുന്നത്. വല്ലാത്ത ഒരു നഷ്ടം തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷയുടെ തിരക്കുകള്‍ക്കിടയില്‍ വിളിച്ച് പരീക്ഷ കഴിഞ്ഞ് ശില്പങ്ങളുടെ ലോകത്തേക്കും എത്തണമെന്ന ആഗ്രഹമുണ്ടെന്ന് തന്നോട് ആദിത്യന്‍ പറഞ്ഞതായി ചിത്രം കുഞ്ഞിമംഗലം ഓര്‍ക്കുന്നു.

പ്രായത്തില്‍ കൂടിയ പക്വതയുള്ള കലാകാരന്‍ സഹപാഠികളുടെ പ്രിയപ്പെട്ട ആദിത്യന്‍. ഇങ്ങനെ ഏതു വിശേഷണവും ഈ കുഞ്ഞിനു യോജിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എത്തിയപ്പോള്‍ പെയിന്റിങ്ങില്‍ ഗ്രേഡ് ലഭിച്ച ദുര്‍ഗ്ഗയുടെയും ജില്ലയുടെയും അഭിമാനമായി മാറിയിരുന്നു. നിരവധി ഓണ്‍ലൈന്‍ ചിത്ര മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൊയ്തിരുന്നു.

നിറങ്ങളുടെ കൂട്ടുകാരന്‍ എന്നാണ് ആദിത്യനെ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ വിശേഷിപ്പിച്ചത്. നിറങ്ങളെ അത്രമേല്‍ സ്‌നേഹിച്ച ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ച പ്രിയ കലാകാരനെ നഷ്ടം ദുഃഖകരമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ജില്ലാ ആശുപത്രി ജീവനക്കാരി നിഷയാണ് മാതാവ്. സഹോദരങ്ങൾ : അർജുൻ (ആർ എൽ വി കോളേജ് തൃപ്പൂണിത്തറ), അഭിമന്യു (ഏഴാം ക്ലാസ് വിദ്യാർത്ഥി). മൃതദേഹം അമ്മ വീടായ കൂട്ടക്കനിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Post a Comment

0 Comments