നിലമ്പൂർ: ജനവിധിയറിയാൻ മൂന്ന് നാൾ മാത്രം ശേഷിക്കെ അലംഘനീയ വിധിക്ക് കീഴടങ്ങി വി.വി. പ്രകാശ്. നിലമ്പൂർ നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ അദ്ദേഹം ബുധനാഴ്ച പ്രാദേശിക ചാനലിന് നൽകിയ അവസാന അഭിമുഖത്തിലും സിറ്റിങ് എം.എൽ.എ ഇടത് സ്വതന്ത്രൻ പി.വി. അൻവറിനെതിരെ തികഞ്ഞ വിജയപ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഞായറാഴ്ചത്തെ വോട്ടെണ്ണലിന് കാത്തിരിക്കുന്ന വേളയിലാണ് മരണത്തിന്റെ കടന്നുവരവ്.[www.malabarflash.com]
ഏറെ വിവാദങ്ങൾക്കൊടുവിൽ അവസാന നിമിഷത്തിലാണ് സ്ഥാനാർഥിത്വം ഉറപ്പിച്ച് പ്രകാശ് മത്സരരംഗത്തിറങ്ങിയത്. കോൺഗ്രസ് പ്രഖ്യാപനം മാറ്റിവെച്ച നാല് മണ്ഡലങ്ങളിലൊന്നായിരുന്നു നിലമ്പൂർ.
വൈകിയെത്തിയ സ്ഥാനാർഥിത്വത്തിൽ താളം നഷ്ടപ്പെട്ട യു.ഡി.എഫിനെ ദിവസങ്ങൾക്കുള്ളിൽ പ്രചാരണ രംഗത്ത് സജീവമാക്കാൻ പ്രകാശിന് സാധിച്ചു. തുടക്കത്തിൽ പ്രചാരണ രംഗത്ത് ഏറെ പിന്നിലായിരുന്ന അദ്ദേഹം പെട്ടെന്ന് തന്നെ യു.ഡി.എഫിന്റെ വിജയപ്രതീക്ഷക്ക് പ്രകാശം കൂട്ടി. സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ കനൽ കെടുത്തുന്നതിൽ വിജയിച്ചു. യു.ഡി.എഫിന്റെ വിജയസാധ്യത പട്ടികയിൽ നിലമ്പൂർ ഇടം പിടിക്കുകയും ചെയ്തു.
2016ൽ കോൺഗ്രസിന് നഷ്ടമായ നിലമ്പൂർ ഇക്കുറി വി.വിയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷക്ക് ആക്കംകൂട്ടിയാണ് പ്രകാശിന്റെ മടക്കം. ബൂത്തുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം തനിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് അവസാന നിമിഷങ്ങളിലും അദ്ദേഹം ആവർത്തിച്ചിരുന്നു. ഫലം അറിയാൻ പ്രകാശ് ഇല്ലെങ്കിലും അവസാന നിമിഷം വരെ പ്രകടിപ്പിച്ച വിജയപ്രതീക്ഷ യാഥാർഥ്യമാകുമോ എന്നറിയാൻ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഫോൺ സംഭാഷണങ്ങളിൽ നിലമ്പൂരിൽ യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
0 Comments