NEWS UPDATE

6/recent/ticker-posts

മാടത്തരുവി വെള്ളച്ചാട്ടത്തില്‍ രണ്ട്​ വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: മന്ദമരുതിക്ക്​ സമീപം മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ വിദ്യാര്‍ഥികളായ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം.[www.malabarflash.com]


ചേത്തയ്​ക്കല്‍ സ്വദേശികളായ പാലയ്ക്കാട്ട് പത്മാലയത്തില്‍ അജിയുടെ മകന്‍ ജിത്തു (14), പിച്ചനാട്ട് പ്രസാദിന്‍റെ മകന്‍ ശബരി (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാരത്ത് ജിജുവിന്‍റെ മകന്‍ ദുര്‍ഗാദത്തന്‍(14) രക്ഷപ്പെട്ടു.

സുഹൃത്തുക്കളും അയല്‍വാസികളുമായ മൂവര്‍ സംഘം കുളിക്കാനാണ്​ ഇവിടെ എത്തിയത്​. പാറയുടെ മുകളില്‍ ​വച്ചിരുന്ന മൊബൈല്‍ എടുക്കൻ പോയി തിരിച്ചുവന്ന ദുര്‍ഗാദത്തന്‍ കൂട്ടുകാരെ കാണാതായപ്പോൾ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാരെത്തിയത്.

ഒളിച്ചിരിക്കുകയാവാം എന്ന്​ കരുതി പ്രദേശത്ത് തിരഞ്ഞ ശേഷമാണ് വെള്ളക്കെട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് പാറയുടെ ഉള്ളിലെ അള്ളില്‍ നാട്ടുകാര്‍ കയര്‍ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. രണ്ടുപേരെയും കരക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് റാന്നിയില്‍നിന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.

ജനവാസ കേന്ദ്രത്തില്‍നിന്നും ഏറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി മാത്രമേ എത്തിച്ചേരാനാകൂ. വേനലിലും നീരൊഴുക്കും വെള്ളച്ചാട്ടവും ഉള്ളതിനാല്‍ നിത്യവും സന്ദര്‍ശകരെത്തുന്നിടമാണെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല.

Post a Comment

0 Comments