മഞ്ചേശ്വരം: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആശങ്കയുണ്ടെന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന തിരുത്തി യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ്. മഞ്ചേശ്വരത്ത് നല്ല മാർജിനിൽ വിജയിക്കുമെന്നും ഒരു ആശങ്കക്കും വകയില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
ബി.ജെ.പിയെ എതിർക്കുന്നവരുടെ മുഴുവൻ പിന്തുണയും കിട്ടിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് സാധ്യതയുണ്ടെന്ന് പറയുന്നത് പതിവാണ്. എന്നാൽ, എപ്പോഴും വിജയിച്ചത് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റിന് എവിടെ നിന്നു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആശങ്കയുണ്ടെന്ന് പറഞ്ഞതെന്ന് അറിയില്ല. കോൺഗ്രസിന്‍റെ സമുന്നതരായ നേതാക്കൾകൂടി ചേർന്നാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. തങ്ങളുടെ വിലയിരുത്തലിൽ നല്ല മാർജിനിൽ ജയിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് ബി.ജെ.പി ജയിച്ചാൽ ഉത്തരവാദിത്വം പിണറായി വിജയനായിരിക്കുമെന്നും സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെന്നും മത്സരഫലത്തിൽ ആശങ്കയുണ്ടെന്നും മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
0 Comments