NEWS UPDATE

6/recent/ticker-posts

പേരിന് മാത്രം പിന്തുണയെന്ന് പറയുന്നതില്‍ കാര്യമില്ല; തലശ്ശേരിയില്‍ ബി.ജെ.പി പിന്തുണ വേണ്ടെന്ന് സി.ഒ.ടി നസീര്‍

തലശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബി.ജെ.പി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


‘ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഇതുവരെയുണ്ടായില്ല. തലശ്ശേരിയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയുമില്ല. പേരിന് മാത്രം പിന്തുണ എന്നുപറയുന്നതില്‍ കാര്യമില്ല. മറ്റുള്ള കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആലോപിച്ച് തീരുമാനിക്കും’, സി.ഒ.ടി നസീര്‍ പറഞ്ഞു.

മാര്‍ച്ച് 29നാണ് തലശ്ശേരിയില്‍ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

സി.ഒ.ടി നസീര്‍ ബി.ജെ.പി പിന്തുണനല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. തലശ്ശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിപോയിരുന്നു. നിലവില്‍ എന്‍.ഡി.എയ്ക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ല.

ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ നടപടി ബി.ജെ.പി നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തലശ്ശേരിയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് നേരത്തെ സി.ഒ.ടി നസീര്‍ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ആക്രമിക്കപ്പെട്ടയാളാണ് നസീര്‍. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments