NEWS UPDATE

6/recent/ticker-posts

എയര്‍ ഇന്ത്യയ്ക്കുനേരേ സൈബര്‍ ആക്രമണം; 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ സ്വകാര്യവിവരങ്ങള്‍ അടക്കം ആക്രമണത്തില്‍ ചോര്‍ന്നു.[www.malabarflash.com]

2011 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി മൂന്നുവരെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. പേര്, ജനന തിയ്യതി, കോണ്‍ടാക്ട് വിവരം, ക്രഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ടിക്കറ്റ് വിവരങ്ങള്‍ അടക്കമുള്ള 10 വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

10 വര്‍ഷം എയര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക വിവരമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഡാറ്റ ചോര്‍ച്ച നടന്നുവെന്ന വിവരം എയര്‍ ഇന്ത്യ യാത്രക്കാരെ ഇ- മെയില്‍ വഴി അറിയിക്കുകയായിരുന്നു. 

എയര്‍ ഇന്ത്യയ്ക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപറേറ്ററായ സീത എന്ന കമ്പനിയാണ് സൈബര്‍ ആക്രമണത്തിനിരയായത്. സംഭവം നടന്ന് മൂന്നുമാസത്തിനുശേഷമാണ് ഇത്തരമൊരു ആക്രമണത്തെക്കുറിച്ച് എയര്‍ ഇന്ത്യ വിവരം പുറത്തുവിടുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചു.

സെര്‍വറുകളുടെ സുരക്ഷ വര്‍ധിപ്പിക്കല്‍, ഡാറ്റ സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളൊരുക്കല്‍, ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നവരുമായി ബന്ധപ്പെടല്‍, പതിവ് പ്രോഗ്രാമിന്റെ പാസ്‌വേഡുകള്‍ മാറ്റല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 

യാത്രക്കാരുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ സ്ഥലങ്ങളിലെ പാസ്‌വേഡുകള്‍ മാറ്റണമെന്ന് ഉപഭോക്താക്കളോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയ്ക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സര്‍വീസുകളും ഇരയായതായി റിപോര്‍ട്ടുകളുണ്ട്.

Post a Comment

0 Comments