NEWS UPDATE

6/recent/ticker-posts

നാട്ടിലുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു


കുവൈത്ത് സിറ്റി: കോവിഡ് വാക്‌സിന്‍ നല്‍കുന്നവരുടെ മുന്‍ഗണന പട്ടികയില്‍ നാട്ടില്‍ കുടുങ്ങിയ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ പ്രവാസി സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.[www.malabarflash.com]

വിമാന യാത്രാ വിലക്ക് നീക്കുന്നതോടെ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്ന പ്രവാസികള്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ യാത്രാ വിലക്കിന് വിധേയരാകാന്‍ സാധ്യത ഉയര്‍ന്നതോടെയാണ് ഈ സുപ്രധാനമായ ആവശ്യം പ്രവാസികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം പ്രവാസി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ശ്രമത്തിലാണ് വിവിധ പ്രവാസി സംഘടനകള്‍.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായത് മുതല്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും പല യൂറോപ്യന്‍ രാജ്യങ്ങളും പ്രവാസികള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ഇവരില്‍ നാട്ടില്‍ ലീവിന് പോയവരും പുതിയ വിസയില്‍ തൊഴില്‍ പ്രതീക്ഷകളുമായി നില്‍ക്കുന്നവരുമായ പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിവരാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇതിനിടെ പല ഗള്‍ഫ് രാജ്യങ്ങളും ഇനി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ യാത്രാ വിലക്ക് നീങ്ങുന്ന പക്ഷം ഭൂരിപക്ഷം പ്രവാസികള്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ 18-45 പ്രായക്കാരുടെ വാക്‌സിനേഷന്‍ പ്രക്രിയയില്‍ മുന്‍ഗണനാ ക്രമത്തില്‍ നാട്ടിലുള്ള പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അതേസമയം കുവൈത്ത് അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനുകളായ ഫൈസര്‍, ആസ്ട്ര സേനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേര്‍ണ മുതലായവക്ക് ഇന്ത്യയില്‍ ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. എന്നാല്‍ നാട്ടില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകളാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി പ്രധാനമായും നല്‍കി വരുന്നത്.

ഇതില്‍ കുവൈത്ത് അംഗീകൃത വാക്‌സിനുകളിലൊന്നായ ആസ്ട്ര സെനേക്ക കമ്പനിയുടെ ഉല്‍പ്പന്നമാണ് കോവിഷീല്‍ഡെങ്കിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ പട്ടികയില്‍ കോവിഷീല്‍ഡ് എന്ന പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുവൈത്തിന്റെ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ കോവിഷീല്‍ഡ് അടക്കമുള്ള വാക്‌സിനുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിന് കുവൈത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യന്‍ എംബസി തയ്യാറാകണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം.

Post a Comment

0 Comments