ന്യൂഡല്‍ഹി: ഗുജറാത്തിലും മഹാരാഷ്ട്രയിലുമടക്കം രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമേഖയില്‍ നാശംവിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോയതിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റായ യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.[www.malabarflash.com]
ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 08.30- ഓടുകൂടി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ (മെയ് 23) രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. ഇത് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മെയ് 24-ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും (Very Severe Cyclonic Storm ) മാറാനാണ് സാധ്യത.
തുടര്‍ന്നും വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ തീരത്തിനുമിടയില്‍ എത്തിച്ചേര്‍ന്നു മെയ് 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കന്‍ തീരത്തിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയില്‍ കടന്നുപോകുന്ന 22 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതം കൂടാതെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കിഴക്കന്‍ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം, ഇത് ചില ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്.
മെയ് 22 മുതല്‍ മെയ് 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 - 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
0 Comments