NEWS UPDATE

6/recent/ticker-posts

കുടലിന് മാരകമായ തകരാറുണ്ടാക്കുന്ന വൈറ്റ് ഫംഗസ് ഡല്‍ഹിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: കുടലില്‍ മാരകമായ തകരാര്‍ വരുത്തുന്ന ഫൈറ്റ് ഫംഗസ് രോഗം ഡല്‍ഹി എസ്.ജി.ആര്‍.എച്ച് ആശുപത്രിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ വയറുവേദന, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ അസുഖങ്ങളോടെ ഈ മാസം 13-ന് ആശുപത്രിയിലെത്തിയ 49-കാരിയായ സ്ത്രീക്കാണ് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചത്.[www.malabarflash.com]


സ്തനാര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ശസ്ത്രക്രിയിലൂടെ സ്തനം നീക്കം ചെയ്തിരുന്നു. നാലാഴ്ച മുമ്പുവരെ കീമോതെറാപ്പിയും നടത്തിയിരുന്നു. അടിവയറ്റില്‍ സിടി സ്‌കാന്‍ നടത്തിയത് വഴി കുടലില്‍ സുഷിരമുള്ളതായി സൂചനകള്‍ കണ്ടെത്തിയെന്ന് ആശുപത്രി അറിയിച്ചു.

ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ അടിവയറ്റിനുള്ളില്‍ ഒരു ട്യൂബ് സ്ഥാപിക്കുകയും ഒരു ലിറ്ററോളം പിത്തരസം കലര്‍ന്ന പഴുപ്പ് പുറത്ത് കളയുകയും ചെയ്തു. ഡോ.സമിറാന്‍ നൻഡിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

'ശസ്ത്രക്രിയയില്‍ അന്നനാളത്തിന്റെ താഴെ അറ്റത്ത് സുഷിരം കണ്ടെത്തി. വന്‍കുടലില്‍ ചെറിയ ചോര്‍ച്ചയോടെ ഒന്നിലധികം നേര്‍ത്ത പാച്ചുകളും ഉണ്ടായിരുന്നു. നാലു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ സുഷിരങ്ങള്‍ അടച്ചു,ഗ്യാങ്റൈനസ് സെഗ്മെന്റ് മാറ്റിസ്ഥാപിച്ചു' ഡോ.നന്‍ഡി പറഞ്ഞു.

കുടലിന്റെ ഒരു ഭാഗം എടുത്ത് നടത്തിയ പരിശോധനയിലാണ് കുടല്‍ ഭിത്തിയില്‍ ഗുരുതരമായ വ്രണം ഉണ്ടായതായും വെളുത്ത ഫംഗസ് മൂലമുണ്ടാകുന്ന നെക്രോസിസ് ഉണ്ടെന്നും കണ്ടെത്തിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേ സമയം അനസ്‌തോമോട്ടിക്ക് ഭാഗത്ത് ചെറിയ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയ നടത്തി അഞ്ചു ദിവസത്തിന് ശേഷം സ്ത്രീയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കി. സ്ത്രീ നിലവില്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Post a Comment

0 Comments