എക്സിറ്റ് പോളുകൾ ഇടതിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. സർവേകൾ തള്ളുന്ന യു.ഡി.എഫ് ഭരണമാറ്റം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ ബാലറ്റുകളും എട്ടരയോടെ യന്ത്രങ്ങളിലെ വോട്ടും എണ്ണിത്തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും എണ്ണൽ. എട്ടരയോടെ ഫലസൂചന ലഭിച്ചുതുടങ്ങും. തപാൽ വോട്ട് കൂടുതലുള്ളതിനാൽ അന്തിമ ഫലം വൈകിയേക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതിയ സർക്കാർ രൂപവത്കരണ ചർച്ചകളും ആരംഭിക്കും.
കോവിഡ് സാഹചര്യത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ വിലക്കി. പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കി. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം വർധിപ്പിച്ചു. 633 ഹാൾ സജ്ജമായി. ഒരു ഹാളിൽ 14 ടേബിൾ എന്നത് ഏഴാക്കി കുറച്ചു. 527 ഹാളിൽ യന്ത്രവോട്ടും 106 ൽ തപാൽ ബാലറ്റും എണ്ണും. കാൽ ലക്ഷം ജീവനക്കാരെയാണ് എണ്ണലിനായി നിയോഗിച്ചത്. ഉദ്യോഗസ്ഥർക്കും സ്ഥാനാർഥികൾക്കും ഏജൻറുമാർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നാലരലക്ഷത്തിലേറെ തപാൽ ബാലറ്റാണ് ഇക്കുറി. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്. ഏപ്രിൽ ആറിന് നടന്ന വോട്ടെടുപ്പിൽ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടർമാരിൽ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
തെരഞ്ഞെടുപ്പ് ഫലസൂചനകൾ മാധ്യമങ്ങൾക്ക് നൽകിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. 'വോട്ടർ ഹെൽപ്ലൈൻ ആപ്പി'ലൂടെയും ഫലമറിയാം.
ഫലം കൃത്യസമയത്തുതന്നെ എത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണ അറിയിച്ചു. തപാൽ വോട്ടിൽ തർക്കം പ്രതീക്ഷിക്കുന്നില്ല. ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments