NEWS UPDATE

6/recent/ticker-posts

പുരോഹിതന്‍റെയെന്ന് കരുതി സൂക്ഷിച്ച മമ്മി; ഉള്ളില്‍ കുഞ്ഞിക്കാൽ; പരിശോധിച്ചപ്പോൾ ​ഗർഭിണിയായ യുവതിയുടേത്

വാഴ്സോ: നൂറ്കണക്കിന് വർഷം പഴക്കമുള്ള മമ്മി പുറത്തെടുക്കുമ്പോൾ ആ ശാസ്ത്രജ്ഞർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല, ഇത്തരമൊരു അവിശ്വസനീയ കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന്. ഈജിപ്ഷ്യൻ പുരോഹിതന്റേതെന്ന് വിശ്വസിച്ചാണ് നരവംശ ശാസ്ത്രജ്ഞയായ മർസേന ഒസ്രേക്ക് സിൽക്ക ഉൾപ്പെടെയുളള ശാസ്ത്രജ്ഞർ മമ്മി പുറത്തെടുത്തത്. പ്രാചീന ഈജിപ്ഷ്യൻ മനുഷ്യരെക്കുറിച്ചുള്ള സൂചനകൾ ശേഖരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.[www.malabarflash.com]

എന്നാൽ പരിശോധനക്കൊടുവിലാണ് അവർ തിരിച്ചറിഞ്ഞത്, അതൊരു ​ഗർഭിണിയുടെ മമ്മിയായിരുന്നു എന്ന്! രണ്ടു നൂറ്റാണ്ടുകാലം പോളണ്ട് ദേശീയ മ്യൂസിയത്തിൽ ഈജിപ്ഷ്യൻ പുരോഹിതന്റേതെന്നു കരുതി സൂക്ഷിച്ചിരുന്ന മമ്മിയാണ് ഒരു ഗർഭിണിയുടേതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

പോളണ്ട് ദേശീയ മ്യൂസിയത്തിൽ മമ്മിയുടെ സിടി സ്‌കാൻ പരിശോധിക്കുന്നതിനിടെയാണ് അസാധാരണമായ ചില അടയാളങ്ങൾ വാഴ്‌സോ മമ്മി പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നരവംശ ശാസ്ത്രജ്ഞ കൂടിയായ മാർസേന സിൽക്കെയുടെ ശ്രദ്ധയിൽപെടുന്നത്. 'സ്ത്രീകളുടെ ജനനേന്ദ്രിയമാണ് സ്കാനിം​ഗിൽ കണ്ടത്. അതിനെ തുടർന്ന് കൂടുതൽ പരിശോധന നടത്താൻ താത്പര്യം തോന്നി. മാത്രമല്ല, ഉള്ളിൽ ഒരു കുഞ്ഞിക്കാൽ പോലെ തോന്നി.' മർസേന പറഞ്ഞു. ആർക്കിയോളജിസ്റ്റായ തന്റെ ഭർത്താവിനെയും ഈ പരിശോധനയിൽ പങ്കാളിയാക്കാൻ അവർ തീരുമാനിച്ചു.

'എന്റെ ഭർത്താവ് ചിത്രം പരിശോധിച്ചതിന് ശേഷം അതൊരു കാൽ തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു. പിന്നീടാണ് ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചത്.' മർസേന റോയിട്ടേഴ്സിനോട് പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ വാഴ്സ സർവ്വകലാശാലയുടെ പുരാവസ്തു മ്യൂസിയത്തിന്റെ ഭാ​ഗമായിട്ടാണ് മമ്മി പോളണ്ടിലെത്തിയത്. പിന്നീട് വർഷങ്ങളോളം ഹോർ ദെഹൂത്തി എന്ന ഈജിപ്ഷ്യൻ പുരോഹിതന്റെ മമ്മിയാണെന്ന വിശ്വാസത്തിലായിരുന്നു ശാസ്ത്രജ്ഞർ.

എന്നാൽ ആർക്കിയോളജിക്കൽ ജേർണലിന്റെ പുതിയ കണ്ടെത്തലിൽ, വാഴ്സോ മമ്മി പ്രൊജക്റ്റിന്റെ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്, ഏകദേശം 20 വയസ്സ് പ്രായമുള്ള, 28 ആഴ്ച ​ഗർഭിണിയായ ഒരു യുവതിയുടേതാണ് ഈ മമ്മി എന്നാണ്. മരണകാരണം വ്യക്തമല്ല, പക്ഷേ ​ഗർഭാവസ്ഥയുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമെന്ന് മർസേന പറയുന്നു. ചിലപ്പോൾ ​ഗർഭധാരണം തന്നെ മരണത്തിന് കാരണമായിരിക്കാമെന്നും ഇവർ പറയുന്നു. 

ഈജിപ്ഷ്യൻ കാലത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഈ കണ്ടെത്തലിലൂടെ ഉയർന്നു വന്നിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മമ്മിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി

Post a Comment

0 Comments