NEWS UPDATE

6/recent/ticker-posts

എംപി സ്ഥാനം രാജിവെച്ച് മന്ത്രി കസേര സ്വപ്നം കണ്ട കുഞ്ഞാലിക്കുട്ടിക്ക് കഷ്ടകാലം

മലപ്പുറം: കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ സഖ്യകക്ഷിയായ മുസ്ലിം ലീഗിനും കനത്ത ആഘാതമാണുണ്ടായത്. ലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വരുത്തിയ പോരാട്ടങ്ങള്‍ കാഴ്ച്ചവെച്ച ഇടതുപക്ഷം സംസ്ഥാന നേതാക്കളെ പോലും പലയിടങ്ങളിലും വെള്ളം കുടിപ്പിച്ചു.[www.malabarflash.com]

പെരിന്തല്‍മണ്ണയില്‍ മുന്‍ ലീഗുകാരനായ കെ.പി.മുഹമ്മദ് മുസ്തഫ വിറപ്പിച്ചാണ് കീഴടങ്ങിയത്. തിരൂരങ്ങാടിയിലെയും കൊടുവള്ളിയിലെയും വിജയത്തിന് പത്തരമാറ്റ് അവകാശപ്പെടാനുമില്ലെന്നതാണ് വാസ്തവം.

2016നെക്കാളും സീറ്റ് പിടിച്ച് കോണ്‍ഗ്രസിനോട് നന്നായി വിലപേശാമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് ഇത്തവണ ഗോഥയിലിറങ്ങുന്നത്. ഇതിനായി കുഞ്ഞാലിക്കുട്ടിയെ എംപി സ്ഥാനം രാജിവെപ്പിച്ച് തിരികെ വിളിച്ചു. സ്വമേധയോ അല്ലാതെയോ എടുത്ത തീരുമാനങ്ങളുടെ ഫലമായി വേങ്ങരയിലേക്ക് കുഞ്ഞാലിക്കുട്ടിയെത്തി. വെറും എം.എല്‍.എയല്ല, മന്ത്രിസ്ഥാനം ഉറപ്പിച്ചായിരുന്നു ഈ വരവ്. 27 സീറ്റുകളിലാണ് ഇത്തവണ ലീഗ് മത്സരത്തിനിറങ്ങിയത്. 25 ഇടങ്ങളില്‍ വിജയമുറപ്പിച്ചുള്ള കളി. എന്നാല്‍ വോട്ടെണ്ണല്‍ ദിനം കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.

അഭിമാന പ്രശ്നമായി കരുതിയ അഴീക്കോട് ജനകീയനായ കെ വി സുമേഷിനെ നിര്‍ത്തി നടത്തിയ പോരാട്ടം കെഎം ഷാജിയുടെ ഹാട്രിക്ക് മോഹം തകര്‍ത്തു. 5574 വോട്ടുകള്‍ക്ക് സുമേഷ് ജയിച്ചു കയറി. ഷാജി വീഴുന്നതിന് മുന്‍പ് തന്നെ കളമശേരി, ഗുരുവായൂര്‍, പുനലൂര്‍, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടത്തേക്ക് നടന്നു തുടങ്ങിയിരുന്നു. ഷാജി വീണതോടെ കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനും പിഴവ് മനസിലായി തുടങ്ങിക്കാണും. തോല്‍വിയുടെ ആഘാതം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആദ്യ പ്രതികരണം നടത്തിയത്.

ലീഗിന്റെ സാധാരണ സ്വഭാവത്തെ അട്ടിമറിച്ചാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കാല്‍നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥി, പത്ത് പുതുമുഖങ്ങള്‍ തുടങ്ങിയ കേരളാ രാഷ്ട്രീയത്തില്‍ ഞെട്ടലുണ്ടാക്കിയ തീരുമാനങ്ങള്‍. കാര്യങ്ങള്‍ അനുകൂലമായാല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആഭ്യന്തരം ചോദിച്ചുവാങ്ങാന്‍ പോലും മടിയില്ലാത്ത രീതിയിലുള്ള വളര്‍ച്ചയായിരുന്നു കുഞ്ഞാലിക്കുട്ടി ലക്ഷ്യം വെച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുഡിഎഫ് കനത്ത തോല്‍വിയേറ്റുവാങ്ങി. ലീഗാവട്ടെ 15 സീറ്റുകളിലൊതുങ്ങുകയും ചെയ്തു.

പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), കെ.പി.എ. മജീദ് (തിരൂരങ്ങാടി), എം.കെ. മുനീര്‍ (കൊടുവള്ളി) എന്നിവര്‍ക്ക് മൂന്ന് ടേം ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തിയ പുരോഗമന തന്ത്രം ഫലിച്ചില്ലെന്ന് മാത്രമല്ല, ലീഗ് പ്രമുഖര്‍ മന്ത്രിയാവാന്‍ ഇനിയും കാത്തിരിക്കേണ്ടിയും വരും.

Post a Comment

0 Comments