NEWS UPDATE

6/recent/ticker-posts

റോഡിനെപ്പറ്റിയുള്ള പരാതികള്‍ അറിയിക്കാനും നടപടികള്‍ അറിയാനും മൊബൈല്‍ ആപ്പ്: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.[www.malabarflash.com]


ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച് പരിപാലിച്ച് പോരുന്ന റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍എംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. ശാസ്ത്രീയ രീതിയില്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് റോഡ് വിവരങ്ങള്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിത്.

ഇതുവഴി അറ്റകുറ്റപ്പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. തെരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും ഇന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിര്‍മാണവും ത്വരിതപ്പെടുത്താന്‍ അദ്ദേഹം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പാലക്കാട് – മണ്ണാര്‍ക്കാട് ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കാവ് പാലം പുനസ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കും.

ആലപ്പുഴയില്‍ കൃഷ്ണപുരം – ഹരിപ്പാട് ദേശീയപാത 66ലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. തലശേരി മണ്ഡലത്തിലെ ശോച്യാവസ്ഥയിലുള്ള പൂക്കോം – മാടപ്പീടിക റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. മഴക്കാലപൂര്‍വ പ്രവൃത്തികളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments