കൊച്ചി: യുഎഇയിലേക്ക് നഴ്‌സിങ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമ അടക്കം രണ്ട് പേർ അറസ്റ്റിൽ. കൊച്ചി കലൂരിൽ ടേക്ക് ഓഫ് എന്ന സ്ഥാപനം നടത്തുന്ന ഫിറോസ് ഖാൻ, സഹായി അബ്‍ദുൽ സത്താർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിയ മലയാളി നഴ്സുമാരുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കലൂരിലെ ടേക്ക് ഓഫ് എന്ന സ്ഥാപനത്തിലൂടെ വഞ്ചിക്കപ്പെട്ട കൂടുതൽ നഴ്‌സുമാര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്, ദില്ലിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്.
കോവിഡ് സാഹചര്യമായതിനാൽ ദുബൈയിൽ വാക്സിനേഷനായി നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് അറിയിച്ചും ഒന്നരലക്ഷം രൂപ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയും വാഗ്ദാനം ചെയ്‍തുമാണ് ഇവർ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്തത്. എന്നാൽ യുഎഇയിൽ എത്തിയ നഴ്‍സുമാരോട് മസാജ് പാര്‍ലറിൽ ജോലിക്ക് പോകാൻ പ്രതികൾ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ അഞ്ഞൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. നഴ്‌സുമാരിൽ നിന്നും രണ്ടരലക്ഷം രൂപ സര്‍വ്വീസ് ചാര്‍ജെന്ന പേരിൽ പണവും ഈടാക്കിയിരുന്നു. പ്രതികളെ കലൂരിലെ സ്ഥാപനത്തിൽ എത്തിച്ച് പോലീസ് തെളിവെടുത്തു. സ്ഥാപനത്തിൽ നിന്നും നോട്ട് എണ്ണുന്ന മെഷീനടക്കം പിടിച്ചെടുത്തു.
0 Comments