NEWS UPDATE

6/recent/ticker-posts

പദവി പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്; ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കും- വി.ഡി. സതീശന്‍

കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശന്‍. വലിയ വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിപക്ഷമാവാന്‍ പ്രവര്‍ത്തിക്കുമെന്നും വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]


വി.ഡി. സതീശന്റെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്:
യു.ഡി.എഫിന്റേയും കോണ്‍ഗ്രസിന്റേയും പ്രതിസന്ധി നിറഞ്ഞ കാലത്ത് പ്രതിപക്ഷനേതാവ് എന്ന ചുമതല തന്നെ ഏല്‍പ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും നന്ദി പറയുന്നു. കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ തന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്. 

എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന ബോധ്യത്തോടെ, കേരളത്തിലെ കോണ്‍ഗ്രസിനെ ഐതിഹാസികമായ തിരിച്ചുവരവിലേക്ക് നയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഈ പദവി ഏറ്റെടുക്കുന്നു. ഇതൊരു പുഷ്പകിരീടമല്ല എന്ന കൃത്യമായ ബോധ്യമുണ്ട്. ഈ സ്ഥാനത്തിന്റെ മഹത്വം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ യു.ഡി.എഫ്. പ്രവര്‍ത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയില്‍ യു.ഡി.എഫിനെ, കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നു. അതിനുവേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളാവും ഇനി വരുന്നത്.

എല്ലാ തലങ്ങളിലുമുള്ള നേതാക്കളേയും കൂട്ടയോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോവാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നു. 1967-ല്‍ ഉണ്ടായ പരാജയത്തിനു ശേഷം അതിന് സമാനമായ ഇപ്പോഴത്തെ പരാജയത്തില്‍നിന്ന് തിരിച്ചുകയറാനുള്ള ശ്രമമാവും ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക.

പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരാഗതമായ ചില കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവണം. അത് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. കാലം ആഗ്രഹിക്കുന്ന തരത്തില്‍ സമീപനങ്ങളളിലും പ്രവര്‍ത്തനരീതികളിലും മാറ്റമുണ്ടാവണം. അത് ഉണ്ടാക്കുമെന്ന് കേരളത്തിന് ഉറപ്പ് നല്‍കുന്നു. മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ സര്‍ക്കാരിനൊപ്പം ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യു.ഡി.എഫ്. ശ്രമിക്കും. ഈ മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുമായി നിരുപാധികം സഹകരിക്കും.

വെല്ലുവിളി നിറഞ്ഞ കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കപ്പുറം പൊതുജനങ്ങളെ എങ്ങനെ സഹായിക്കാനാവുമെന്ന് സര്‍ക്കാരിനൊപ്പം നിന്ന് ആലോചിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന വിശ്വാസം ഉണ്ടാക്കാനുള്ള നടപടികളാവും യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ആദ്യം ഉണ്ടാവുക. 

സര്‍ക്കാരിന്റെ എല്ലാ നല്ല നടപടികളേയും ആത്മാര്‍ഥമായി പിന്തുണയ്ക്കും. തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാട്ടും. അത് പ്രതിപക്ഷ ധര്‍മമാണെന്ന് തിരിച്ചറിയുന്നു. പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാവും വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍- വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

0 Comments