ഉജ്ജെയിന്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ ബോധവല്‍ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദിച്ചു. മധ്യപ്രദേശ് ഉജ്ജെയിനിലാണ് സംഭവം.[www.malabarflash.com]
വടിയും ഇരുമ്പുദണ്ഡുമായെത്തിയ ഗ്രാമവാസികള്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് മര്‍ദിച്ചു.
മലിഖെഡി ഗ്രാമത്തിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ വാക്‌സിനെ കുറിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ശകാരവാക്കുകള്‍ ചൊരിഞ്ഞ നാട്ടുകാര്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭര്‍ത്താവിന്റെ തലയില്‍ വടിയുപയോഗിച്ച് അടിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
'വാക്‌സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ജനങ്ങള്‍ക്ക് വാക്‌സിന്‍ നൽകുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ അവിടെയെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നില്ല. അവരോട് സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ എത്തി ഞങ്ങളെ ആക്രമിച്ചു. ഒരാള്‍ വടി ഉപയോഗിച്ച് എന്റെ തലയ്ക്ക് അടിച്ചു.' തലയില്‍ പരിക്കേറ്റ ഷക്കീല്‍ മുഹമ്മദ് ഖുറേഷി പറയുന്നു. അസിസ്റ്റന്റ് സെക്രട്ടറി രേഷ്മയുടെ ഭര്‍ത്താവാണ് ഖുറേഷി
തങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും വാക്‌സിന്‍ വേണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വാക്‌സിന്‍ എടുക്കുന്ന ആളുകള്‍ മരണപ്പെടുന്നതായും അവര്‍ ആരോപിച്ചതായും ഖുറേഷി പറഞ്ഞു. അമ്പതോളം പേര്‍ ചേര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
0 Comments