ഭിണ്ഡ്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹത്തിൽ പങ്കെടുത്തവർക്ക് വ്യത്യസ്ത ശിക്ഷ നൽകി മധ്യപ്രദേശ് പോലീസ്. വിവാഹാഘോഷത്തിൽ പങ്കെടുത്തവരെ കൊണ്ട് മധ്യപ്രദേശ് പോലീസ് തവളച്ചാട്ടം ചെയ്യിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.[www.malabarflash.com]
ഭിണ്ഡ് ജില്ലയിലെ ഉമാരി ഗ്രാമത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൂന്നൂറോളം പേർ പങ്കെടുത്ത വിവാഹം നടന്നത്. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവാഹവേദിയിലെത്തിയ പോലീസ് ആൾക്കൂട്ടം കണ്ട് ഇടപെടുകയായിരുന്നു. പോലീസിനെ കണ്ടതോടെ പലരും ഓടി രക്ഷപ്പെട്ടെങ്കിലും കയ്യിൽ കിട്ടിയവർക്ക് തവളച്ചാട്ടം ശിക്ഷ നൽകുകയായിരുന്നു പോലീസ്.
ഒരു പാടത്തിന്‍റെ സമീപത്തുള്ള റോഡിൽ 17ഓളം പുരുഷന്മാരെ കൊണ്ട് പോലീസ് തവളച്ചാട്ടം ചെയ്യിക്കുന്നതാണ് വിഡിയോയിലുള്ളത്. തെറ്റിക്കുന്ന ഒരാളെ പൊലീസ് ഉദ്യോഗസ്ഥൻ വടി കൊണ്ട് അടിക്കുന്നതും കാണാം. ബിഹാറിലെ കിഷന്‍ഗഞ്ചിലും സമാന സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച യുവാക്കളെ ഒരു മാര്‍ക്കറ്റിനു നടുവിലൂടെ കൈമുട്ടില്‍ നടത്തിക്കുന്നതും തവളച്ചാട്ടം ചെയ്യിക്കുന്നതുമായ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് മധ്യപ്രദേശ് പോലീസ് നൽകുന്ന ശിക്ഷാരീതികൾ ഇതിന് മുമ്പും വാർത്തയായിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് സ്ത്രീയെ നടുറോഡില്‍വെച്ച് മകളുടെ മുന്നിലിട്ട് മധ്യപ്രദേശ് പോലീസ് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
0 Comments